ഇരട്ടവോട്ട് ; പ്രതിപക്ഷ നേതാവിന് കഴിഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ല : ഹൈക്കോടതി

Jaihind Webdesk
Monday, March 29, 2021

സംസ്ഥാനത്ത് ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. വോട്ടര്‍പട്ടികയില്‍ ഗുരുതര പിശകുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി.ഇത്രയധികം ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞുവെങ്കില്‍, എന്തുകൊണ്ട്  തെരഞ്ഞെടുപ്പ് കമ്മിഷന് സാധിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

ഇരട്ട വോട്ട് തടയാന്‍ പോളിങ് സ്റ്റേഷനുകളില്‍ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കണമെന്നും  വോട്ടര്‍ പട്ടികയില്‍ ഇത്തരം പിശകുകളുണ്ടാകാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.വോട്ടര്‍പട്ടികയില്‍ നാലു ലക്ഷത്തിലധികം ഇരട്ടവോട്ടുകളും വ്യാജവോട്ടുകളുമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹര്‍ജി.തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം പിഴവ് മറച്ചു വയ്ക്കുന്ന സമീപനമാണ് കോടതിയില്‍ സ്വീകരിച്ചത്. വോട്ടര്‍പട്ടികയിലെ പിഴവുകള്‍ ചെന്നിത്തല യഥാസമയം ചൂണ്ടിക്കാണിച്ചില്ലെന്നും ചെന്നിത്തലയുടെ ഹര്‍ജി പതിനൊന്നാം മണിക്കൂറിലാണെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ന്യായീകരണം. തിരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടര്‍പട്ടികയില്‍ മാറ്റം വരുത്താനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ന്യായീകരണം തള്ളിയ ഹൈക്കോടതി നിലപാടിനെ നിശിതമായി വിമര്‍ശിച്ചു. ഇരട്ടവോട്ടുകള്‍ തടയാന്‍ എന്ത് നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആരാഞ്ഞു. ഇരട്ടവോട്ടുകള്‍ ജനാധിപത്യത്തില്‍ മായം ചേര്‍ക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ ഹൈക്കോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.