തെലങ്കാനയിലടക്കം കോണ്‍ഗ്രസ് ജയിക്കും; വമ്പന്‍ മുന്നേറ്റം പ്രവചിച്ച് ‘എബിപി-സി വോട്ടർ’ സർവേ; ബിജെപിക്ക് നിരാശ

 

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം പ്രവചിച്ച് എബിപി-സി വോട്ടർ അഭിപ്രായ സർവേ ഫലം. തെലങ്കാനയിലടക്കം കോൺഗ്രസിന് വമ്പൻ മുന്നേറ്റമുണ്ടാകുമെന്ന് എബിപി-സി വോട്ടർ സർവേ ഫലം പറയുന്നു.

തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറുമെന്ന് സർവേ പറയുന്നു. ചന്ദ്രശേഖര റാവുവിന്‍റെ ബിആർഎസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. അതേസമയം തെലങ്കാനയിൽ ബിജെ പിക്ക് കേവലം 5 മുതൽ 11 സീറ്റുകൾ വരെ മാത്രമാകും നേടാനാവുകയെന്നും എബിപി-സി വോട്ടർ സർവേ പ്രവചിക്കുന്നു.

മധ്യപ്രദേശിലും ഛത്തീസ്ഢിലും കോണ്‍ഗ്രസിന് തന്നെയാണ് മുന്‍തൂക്കം. പോരാട്ടം കടുക്കുമെങ്കിലും ഛത്തീസ്​ഗഢിൽ കോൺ​ഗ്രസിന് ഭരണതുടർച്ചയുണ്ടാകുമെന്ന് സർവേ പറയുന്നു. കോൺ​ഗ്രസ് 45 മുതൽ 51 വരെ സീറ്റുകൾ നേടും. ബിജെപിക്ക് 39 മുതല്‍ 45 വരെ സീറ്റുകൾ നേടിയേക്കുമെന്നും സർവേ പറയുന്നു. മറ്റുള്ളവർ പരമാവധി 2 സീറ്റുകളില്‍ ഒതുങ്ങും.

മധ്യപ്രദേശിൽ കോൺ​ഗ്രസ് 113 മുതല്‍125 വരെ സീറ്റുകള്‍ നേടും. ബിജെപി 104 മുതല്‍ 116 വരെ നേടുമ്പോള്‍ ബിഎസ്പി പരമാവധി 2 സീറ്റുകളും മറ്റുള്ളവർ 3 സീറ്റുകളും വരെ നേടിയേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു. മിസോറമിൽ എം എൻ എഫിന് 13 മുതൽ 17 വരെ സീറ്റുകള്‍ക്കുള്ള സാധ്യത പ്രവചിക്കുമ്പോള്‍ കോൺ​ഗ്രസ് 10 മുതൽ 14 സീറ്റുകള്‍ വരെ സ്വന്തമാക്കുമെന്നും സർവെ പറയുന്നു. സെഡ്പിഎം 9 – 13, മറ്റുള്ളവർ 3 സീറ്റുകൾ വരെ എന്നിങ്ങനെയാണ് മറ്റ് സാധ്യതകള്‍ പ്രവചിക്കുന്നത്.

ഛത്തീസ്ഢില്‍ 2 ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 7, നവംബർ 17 എന്നീ ദിവസങ്ങളില്‍ വോട്ടെടുപ്പും ഡിസംബർ മൂന്നിന് വോട്ടെണ്ണലും നടക്കും. മിസോറമില്‍ നവംബർ 7 ന് വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശില്‍ നവംബർ 17 നും തെലങ്കാനയില്‍ നവംബർ 30 നും രാജസ്ഥാനില്‍ നവംബർ 23 നുമാണ് വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്നിന് അറിയാനാകും. അഞ്ച് സംസ്ഥാനങ്ങളിലായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ അഞ്ച് സംസ്ഥാനങ്ങളിലുമായി സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

Comments (0)
Add Comment