മന്ത്രിമാരുടെ മണ്ഡലങ്ങളിലുള്‍പ്പെടെ യു.ഡി.എഫ് തേരോട്ടം; ഇടതിനെ കൈവിട്ട് കേരളം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളജനത കൈവിട്ടതിന്‍റെ ഞെട്ടലിലാണ് എൽ.ഡി.എഫ് നേതൃത്വം. പതിനാറ് മന്ത്രിമാരുടേതടക്കം 123 മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞത് മറികടക്കണമെങ്കിൽ എൽ.ഡി.എഫ് അത്യധ്വാനം ചെയ്യേണ്ടി വരും. രണ്ട് വർഷത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വർധിക്കുന്ന ജനരോഷം ഇടതുമുന്നണിയെ സമ്മർദത്തിലാക്കും.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനു ശേഷം 57 നിയമസഭാ മണ്ഡലങ്ങൾ ഒപ്പമുണ്ടായിരുന്ന എൽ.ഡി.എഫിന് ഇക്കുറി 16 മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ട് തൃപ്തിയടയേണ്ടിവന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളും ഒപ്പമുണ്ടായിരുന്ന കൊല്ലം, തൃശൂർ എന്നിവിടങ്ങളിലും മാവേലിക്കര, എറണാകുളം, ചാലക്കുടി, ആലത്തൂർ, ഇടുക്കി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലും ഒരു നിയമസഭാമണ്ഡലത്തിൽ പോലും എൽ.ഡി.എഫിന് ഒന്നാമതെത്താനായില്ല.

മന്ത്രിമാരുടെ മണ്ഡലങ്ങളിൽ യു.ഡി.എഫ് തേരോട്ടമായിരുന്നു. മന്ത്രി എ.കെ ബാലന്‍റെ മണ്ഡലമായ തരൂരിലാണ് ആലത്തൂരിലെ രമ്യാ ഹരിദാസ് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത്. മന്ത്രി തോമസ് ഐസക്കിന്‍റെ ആലപ്പുഴയിൽ യു.ഡി.എഫ് ഭൂരിപക്ഷം കണ്ടു. ചിറ്റൂർ, കുണ്ടറ, കണ്ണൂർ, കുന്നംകുളം എന്നിവിടങ്ങളിൽ യു.ഡി.എഫ് മേൽക്കൈ ഇരുപതിനായിരത്തിന് മുകളിലെത്തി.

ഏഴിടത്ത് എൽ.ഡി.എഫ് മൂന്നാമതായി. 12 ലോക്സഭാ മണ്ഡലങ്ങളിലെ നിയമസഭാ സീറ്റുകളിൽ എൽ.ഡി.എഫിന് സമ്പൂർണ പരാജയമാണ്. കൊല്ലത്ത് കെ.എൻ ബാലഗോപാൽ എൻ.കെ പ്രേമചന്ദ്രനോട് ദയനീയമായി പരാജയപ്പെട്ടു. സി.പി.എമ്മിന്‍റെ എക്കാലത്തെയും ഉറച്ച കോട്ടകളിലൊന്നായ ആലത്തൂരിലും മുഴുവൻ സീറ്റിലും പരാജയപ്പെട്ടു. തിരുവനന്തപുരം, മാവേലിക്കര, എറണാകുളം, കോഴിക്കോട്, ചാലക്കുടി, പൊന്നാനി, മലപ്പുറം, വയനാട്, ഇടുക്കി, തൃശൂർ മണ്ഡലങ്ങളിലും ഇടതു സ്ഥാനാർത്ഥികൾ നിയമസഭാ മണ്ഡലങ്ങളിൽ നിലംതൊട്ടിട്ടില്ല.

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലും എൽ.ഡി.എഫിന് തിരിച്ചടിയേറ്റു. വടകരയിൽ തലശേരിയൊഴികെയുള്ള മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയം കരസ്ഥമാക്കി . എൽ.ഡി.എഫിന് ആശ്വാസസീറ്റ് ലഭിച്ച ആലപ്പുഴയിൽ കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, അരൂർ മണ്ഡലങ്ങൾ ഷാനിമോൾക്കൊപ്പമാണ്. മാവേലിക്കരയിൽ ഏഴിടത്തും യു.ഡി.എഫ് മുന്നിലെത്തി. എറണാകുളത്ത് കൈയിലുള്ള വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പോലും എൽ.ഡി.എഫിന് മുന്നേറാനായില്ല.

UDFLDF
Comments (0)
Add Comment