ആറാംഘട്ടത്തിലും കോണ്‍ഗ്രസ് മുന്നേറ്റം; വരുണും മനേകയും പരാജയപ്പെടുമെന്ന ആശങ്കയില്‍ ബി.ജെ.പി ക്യാമ്പ്; ഇത്തവണ ബി.ജെ.പി കേവല ഭൂരിപക്ഷം കടക്കില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടവും പൂര്‍ത്തിയായതോടെ ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്. ഉയര്‍ന്ന ശതമാനം വോട്ട് രേഖപ്പെടുത്തപ്പെട്ടത് കോണ്‍ഗ്രസ് അനുകൂല തരംഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറാംഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ആം ആദ്മിയും തമ്മിലുള്ള ത്രികോണ മത്സരമായിരുന്നു. ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തില്‍ വിധിയെഴുതിയത്.

ഓരോ വോട്ടും നഷ്ടപ്പെടാതിരിക്കാന്‍ കരുതലോടെ മുന്നോട്ട് നീങ്ങിയെങ്കിലും ആറാം ഘട്ടത്തില്‍ ബിജെപിക്ക് കാലിടറുകയായിരുന്നു. ബി.ജെ.പി വിരുദ്ധത ബാലറ്റിലൂടെ മാത്രമല്ല ബീഹാറില്‍ തെളിഞ്ഞത് ബി.ജെ.പിയുടെ സിറ്റിങ് എം.പിയെ നാട്ടുകാര്‍ തല്ലിയോടിക്കുന്ന രംഗങ്ങള്‍ക്കുവരെ തെരഞ്ഞെടുപ്പ് ദിനം സാക്ഷിയായി. മനേകാഗാന്ധിയുടെ മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥിയുമായി പരസ്യമായ വാക് തര്‍ക്കത്തിലേര്‍പ്പെട്ട കേന്ദ്രമന്ത്രികൂടിയായ മനേക ഗാന്ധിക്കെതിരെ എസ്.പി-ബി.എസ്.പി പ്രവര്‍ത്തകരും ജനങ്ങളും പരസ്യമായ രംഗത്തെത്തുന്നതിനും ഇന്നലെ സാക്ഷ്യം വഹിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന 59 മണ്ഡലങ്ങളില്‍ 44 എണ്ണവും 2014 ല്‍ ബി.ജെ.പിക്ക് ഒപ്പമായിരുന്നു. എന്നാല്‍ ഇക്കുറി ഈ 44 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടന്ന് 14 സീറ്റുകളില്‍ 12 ഇടത്തും 2014ല്‍ ബിജെപിയാണ് വിജയിച്ചത്. എന്നാല്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവും കോണ്‍ഗ്രസും ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ബിജെപിയുടെ സീറ്റ് നേട്ടം രണ്ടോ മൂന്നോ ആയി ചുരുങ്ങുമെന്ന് ദേശീയ മാധ്യമമമായ നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മനേകാ ഗാന്ധിയുടെ മണ്ഡലമായിരുന്ന പിലിഭിത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി ഇക്കുറി മത്സരിക്കുന്നത്. വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ നിന്നു മനേകയും ജനവിധി തേടുന്നു. സുല്‍ത്താന്‍പൂരില്‍ വരുണ്‍ ഗാന്ധിക്ക് ജയസാധ്യത മങ്ങിയതിനാലാണ് ഇരുവരും സീറ്റുകള്‍ പരസ്പരം വെച്ചുമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവര്‍ക്കും ഇക്കുറി തിരിച്ചടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാനയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് ഇക്കുറി കാഴ്ചവെച്ചതെന്നാണ് പ്രാദേശിക ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 10 സീറ്റുകളില്‍ ചുരുങ്ങിയത് എഴ് സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് വിജയിക്കും.

ഇക്കുറി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കും ബീഹാറില്‍ കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യവും ഇതില്‍ പകുതിയോളം സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ കോണ്‍ഗ്രസിന്റെ ദ്വിഗ് വിജയ് സിംഗ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറാം ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തിയ ജാര്‍ഖണ്ഡിലെ നാല് സീറ്റുകളിലും 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇതില്‍ പകുതിയോളം സീറ്റുകളും പ്രാദശിക കക്ഷികളെ ഒന്നിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം ജാര്‍ഖണ്ഡില്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

2014ല്‍ ദില്ലിയിലെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. എന്നാല്‍ ആം ആദ്മി- കോണ്‍ഗ്രസ് സഖ്യം സാധ്യമാകാഞ്ഞതോടെ ത്രികോണ മത്സരത്തിനാണ് രാജ്യ തലസ്ഥാനത്ത് കളം ഒരുങ്ങിയത്. ഇത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും 2014ലെ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. മൂന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അജയ് മാക്കന്‍ തുടങ്ങിയ പ്രമുഖരുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് നേട്ടമാകും.

ഇക്കുറി വലിയ മുന്നേറ്റങ്ങള്‍ മുന്നില്‍ക്കണ്ട് ബിജെപി കരുക്കള്‍ നീക്കിയ സംസ്ഥാനമാണ് ബംഗാള്‍. 2014ല്‍ സംസ്ഥാനത്തെ 2 സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 8 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് നിലനിര്‍ത്താനാണ് സാധ്യത. കേവല ഭൂരിപക്ഷമായ 272 സീറ്റ് മറികടക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

congressbjpAICCelection 2019election result
Comments (0)
Add Comment