വര്‍ഗ്ഗീയ പ്രസംഗവുമായി ബി.ജെ.പി മുംബൈ അധ്യക്ഷന്‍; ബോംബുകള്‍ നിര്‍മ്മിക്കുന്നത് മുസ്ലിം പ്രദേശങ്ങളിലെന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

Jaihind Webdesk
Friday, October 18, 2019

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗ്ഗീയതയും ആക്രമാഹ്വാനവും നടത്തി മുംബൈ ബി.ജെ.പി അധ്യക്ഷന്‍ മംഗല്‍ പ്രഭാത് ലോധ. ഇതോടെ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 1992 ന് ശേഷമുള്ള കലാപത്തില്‍ ഉപയോഗിച്ച ബോംബുകള്‍ നിര്‍മിച്ചത് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുംബദേവിയ്ക്ക് സമീപമുള്ള കുംഭര്‍വാത മേഖലകളിലാണെന്നായിരുന്നു ലോധയുടെ പ്രസ്താവന. ശിവസേന സ്ഥാനാര്‍ത്ഥിയായ പാണ്ഡുരംഗ് സക്പാലിനായി പ്രചരണം നടത്തവേയായിരുന്നു ലോധയുടെ പരാമര്‍ശം.
‘1992 ലെ കലാപത്തിനുശേഷം മുംബൈയില്‍ എത്ര സ്ഫോടനങ്ങള്‍ നടന്നു, എത്ര വെടിയുണ്ടകള്‍ പാഞ്ഞു…എല്ലാം നിങ്ങളുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ നിര്‍മിച്ചവയാണെന്ന് ഓര്‍ക്കുക.. അവിടെ നിന്നും വോട്ട് നേടി തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ വരുംകാലങ്ങളില്‍ നിങ്ങളെ എങ്ങനെ പരിപാലിക്കാനാണ്- എന്നായിരുന്നു ലോധയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് ലോധയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. വിവാദ പ്രസ്താവനയില്‍ വിശദീകരണം നല്‍കാനും തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.