തെരഞ്ഞെടുപ്പ് കോഴക്കേസ്: പ്രസീതയുമായി സംസാരിച്ചത് കെ സുരേന്ദ്രന്‍ തന്നെയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം

Jaihind Webdesk
Wednesday, September 21, 2022

 

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ ഫൊറന്‍സിക് റിപ്പോർട്ട്. പ്രസീത അഴീക്കോടുമായി സംസാരിച്ചത് കെ സുരേന്ദ്രൻ തന്നെയെന്ന് വ്യക്തമായി. ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫൊറൻസിക് റിപ്പോർട്ട് പോലീസിന് ലഭിച്ചു. കെ സുരേന്ദ്രനും സി.കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.

ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റേത് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രസീത അഴീക്കോട് ആണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. കേസിൽ കെ സുരേന്ദ്രന്‍, സി.കെ ജാനു, പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ബിജെപി സംസ്ഥാന പ്രസിഡന്‍റ് ഒന്നാം പ്രതിയായ കേസില്‍ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിലപാട്.

കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാമ്പിളുകളുടെ പരിശോധനാ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും ചോദ്യംചെയ്യല്‍. സി.കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയിൽ വെച്ച് 25 ലക്ഷം രൂപയും നൽകിയെന്നാണ് ജെആർപി മുൻ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാൻ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.