ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബംഗാളിലെ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹാല്‍ദിയയില്‍ മെയ് 15 നാണ് അഭിജിത്ത് ഗംഗോപാധ്യായ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപിയുടെ സന്ദേശ്ഖാലി സ്ഥാനാര്‍ത്ഥി രേഖ പാത്രയെ 2,000 രൂപയ്ക്ക് വിലയ്‌ക്കെടുത്തുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. എന്താണ് മമതയുടെ വില. പത്ത് ലക്ഷമാണോ. ഇതായിരുന്നു അഭിജിത്ത് ഗംഗോപാധ്യയുടെ പരാമര്‍ശം. ഇത് വിവാദമാക്കിയ ടിഎംസി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. അഭിജിത്ത് ഗംഗോപാധ്യായ മമത ബാനര്‍ജിക്കെതിരെ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. പരാമര്‍ശത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മാത്രമല്ല, അഭിജിത് ഗംഗോപാധ്യായക്കെതിരെ തിരഞ്ഞടുപ്പ് കമ്മീഷന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
മാന്യതക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ആദ്യം തന്നെ വിമര്‍ശിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയുടെ വീഡിയോയും പരാമര്‍ശത്തിന്‍റെ ഇംഗ്ലീഷ് തര്‍ജ്ജമയും ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി പരാതി നല്‍കിയിരുന്നത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയും പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ക്രമിനല്‍ നടപടി സ്ഥാനാര്‍ത്ഥിക്കെതിരെ എടുക്കണമെന്നാണ് ടിഎംസി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ആയിരുന്ന അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ തംലൂക്കിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി. ജഡ്ജി ആയിരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ പല പരാമര്‍ശങ്ങളും വിധികളും ടിഎംസിയുടെ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.