തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ; നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല: ജയ്റാം രമേശ്

Jaihind Webdesk
Saturday, October 29, 2022

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് കോൺഗ്രസ്. അത്തരം നടപടികളിൽ നിന്ന് കമ്മീഷൻ വിട്ടുനിൽക്കണമെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കനുസൃതമായി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ ഉൾപ്പെടുത്തുന്ന വാഗ്ദാനങ്ങൾ ഒരു രാഷ്ട്രീയകക്ഷി മുന്നോട്ടുവെക്കുന്ന ആശയസംഹിത പ്രതിഫലിപ്പിക്കുന്നവയാണ്. അത്തരം വാഗ്ദാനങ്ങൾക്ക് കൃത്യമായ കാലപരിധിയുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഊർജസ്വലമായ ജനാധിപത്യവ്യവസ്ഥിതിയുടെ ഭാഗമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാതൃകാപെരുമാറ്റച്ചട്ടത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങള്‍ തേടി എല്ലാ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കമ്മീഷന്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് മാധ്യമവിഭാഗത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി കൂടിയായ  ജയറാം രമേശ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. തങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനാവുന്നതാണ് എന്നായിരിക്കും ഓരോ പാര്‍ട്ടിയുടേയും അവകാശവാദമെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നത് അത്രയേറെ പ്രയാസകരമായ സംഗതിയല്ലെന്നും ജയറാം രമേശ് പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് എപ്രകാരം സാധ്യമാകുമെന്നും ജയറാം രമേശ് ചോദ്യമുന്നയിച്ചു. വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടിയേയോ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയേയോ അയോഗ്യമാക്കാന്‍ കമ്മീഷന് സാധിക്കുമോയെന്നും ഈ വിഷയത്തില്‍ കമ്മീഷന് കോടതിയെ സമീപിക്കാനാവുമോയെന്നും അദ്ദേഹം ആരാഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട വിവിധപ്രശ്‌നങ്ങളും ജയറാം രമേശ് കത്തില്‍ ചൂണ്ടിക്കാട്ടി.