രണ്ടില മരവിപ്പിച്ചു; കേരള കോണ്‍ഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് ചെണ്ട, ജോസ്.കെ.മാണി വിഭാഗത്തിന് ‘ടേബിള്‍ ഫാന്‍’

Jaihind News Bureau
Tuesday, November 17, 2020

കേരള കോൺഗ്രസ് എമ്മിൻ്റെ തെരെഞ്ഞെടുപ്പു ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ടില ചിഹ്നത്തിനു വേണ്ടി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദമുന്നയിച്ച് രംഗത്ത് വന്നതോടെയാണ് കമ്മീഷന്‍റെ നടപടി

കേരള കോണ്‍ഗ്രസ്സ് എമ്മിലെ ഇരു വിഭാഗങ്ങളും രണ്ടില’ ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ ഉത്തരവ് ഇറക്കിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് ചെണ്ടയും, കേരള കോണ്‍ഗ്രസ്സ് (എം) ജോസ്.കെ.മാണി വിഭാഗത്തിന് ‘ടേബിള്‍ ഫാനും’ അനുവദിച്ചു.

ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയില്‍ നിലവിലുള്ള രണ്ട് കേസുകളിലെ വിധിക്ക് വിധേയമായിരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

ചിഹ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസ് തീർപ്പാകാൻ വൈകും എന്നതും തീരുമാനത്തിന് കാരണമായി.

രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു നൽകാനായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുൻ ഉത്തരവ്. ഇതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചത് താൻ നേതൃത്വം നൽകുന്ന വിഭാഗത്തിന് ആണെന്നും ജോസഫ് അവകാശപ്പെടുന്നു.

അതുകൊണ്ടുതന്നെ രണ്ടില ചിഹ്നത്തിൽ മത്സരിക്കാം എന്നായിരുന്നു ജോസഫ് വിഭാഗത്തിന്‍റെ പ്രതീക്ഷ. ജോസ് വിഭാഗം ആകട്ടെ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഒരുപോലെ പ്രതീക്ഷയർപ്പിച്ചിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പിൽ കൈതച്ചക്ക ആയിരുന്നു ജോസ് പക്ഷത്തിന് ചിഹ്നം. മാണിയുടെ തട്ടകത്തിൽ രണ്ടില നഷ്ടപ്പെട്ട് മത്സരിച്ച പാർട്ടി പരാജയപ്പെട്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.