കെ.മുരളീധരന് വടകരയില്‍ ആവേശോജ്ജ്വലമായ വരവേൽപ്പ്

Jaihind Webdesk
Friday, March 22, 2019

വടകര ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയായ കെ.മുരളീധരന് മണ്ഡലത്തിൽ പ്രവർത്തകരുടെ ആവേശോജ്ജ്വലമായ വരവേൽപ്പ്. പ്രമുഖ നേതാക്കൾ പങ്കെടുത്ത കൺവെൻഷൻ പൂർത്തിയായതോടെ കെ.മുരളീധരന്‍റെ പ്രചാരണ പരിപാടികൾക്കും തുടക്കമായി.

സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തിയ കെ.മുരളീധരനെ വടകര റെയിൽവേ സ്റ്റേഷനലിൽ വരവേറ്റത് വൻ ജനാവലി തന്നെയായിരുന്നു. അക്ഷരാർത്ഥത്തിൽ ജനസമുദ്രമായി മാറിയ റെയിൽവേ സ്റ്റേഷന്‍ പരിസരത്ത് നിന്നും തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് കെ.മുരളീധരൻ കൺവെൻഷൻ നടക്കുന്ന കോട്ടപ്പറമ്പ് മൈതാനിയിൽ എത്തിച്ചേർന്നത്. ഇത്രയും അഭിമാനത്തോടെ ആദ്യമായാണ് ഒരു കൺവെൻഷനിൽ പങ്കെടുക്കുന്നത് എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. രാഹുൽ ഗാന്ധിക്കൊപ്പം കരുത്തു പകർന്നു മുന്നേറാൻ കെ.മുരളീധരൻ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആവേശകരമായ സ്വീകരണം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് പരിപാടിയിൽ സംസാരിച്ച കെ.മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിൽ മതേതര സ്വഭാവമുള്ള സർക്കാർ വരേണ്ടതുണ്ട്. ഒറ്റപെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന് സംഖികളുമായി ബന്ധമുണ്ട് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ നേതാക്കളായ വി.എം സുധീരൻ, എൻ. സുബ്രഹ്മണ്യൻ, കെ.സി അബു, മുസ്ലീം ലീഗ് നേതാക്കളായ എം.എ റസാഖ് മാസ്റ്റർ, ഉമ്മർ പാണ്ടികശാല തുടങ്ങി നിരവധി നേതാക്കൾ പരിപാടിയിൽ സംസാരിച്ചു.