കാസർഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. മഞ്ചേശ്വരത്ത് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്നതായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കേസ് കൈകാര്യം ചെയ്യുന്ന മജിസ്‌ട്രേട്ട്, രഹസ്യമൊഴി എടുക്കുന്ന കീഴ്വഴക്കം ഇല്ലാത്തതിനാൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. നിലവിൽ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് മാത്രം ചുമത്തിയാണ് കേസ്. സുന്ദര നൽകുന്ന രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്താനും ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേർത്താനുമാണ് പൊലീസ് നീക്കം. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്‍റെ പുതിയ നീക്കം.