വികസനപ്രവർത്തനങ്ങൾ വോട്ടാകും ; ആലുവയില്‍ വിജയം ഉറപ്പിച്ച് യു.ഡി.എഫ്

 

കൊച്ചി : എറണാകുളം ജില്ലയിലെ ആലുവ നിയോജക മണ്ഡലത്തിൽ ഇത്തവണയും നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ്. അഞ്ച് വർഷക്കാലത്തെ വികസനപ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. എന്നാൽ ആലുവയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പരീക്ഷിക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ ഇപ്പോൾ തന്നെ പാർട്ടിയിൽ കലാപം ഉയർന്ന് കഴിഞ്ഞു.

പെരിയാറിൻ്റെ ഓളങ്ങൾ തഴുകുന്ന നിയമസഭ മണ്ഡലമാണ് എറണാകുളം ജില്ലയിലെ ആലുവ. സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ രണ്ട് പ്രളയങ്ങളും പിടിച്ചുലച്ച മണ്ഡലം . എന്നാൽ പ്രളയം തകർത്ത ആലുവയെ ഞൊടിയിടയിൽ കരകയറ്റാൻ പ്രയത്നിച്ച ജനപ്രതിനിധിയാണ് ആലുവയുടെ സ്വന്തം അൻവർ സാദത്ത്. എറണാകുളം മെട്രോ നഗരത്തോട് ചേർന്ന് കിടക്കുന്ന ആലുവയിൽ വികസനത്തിൻ്റെ വിസ്മയം തീർത്താണ് അൻവർ സാദത്ത് എം.എൽ.എ അഞ്ച് വർഷം പൂർത്തിയാക്കുന്നത്. പ്രതിപക്ഷ എം.എൽ.എ ആയിരുന്നിട്ടും തൻ്റെ മണ്ഡലത്തിന് വേണ്ടി നിയമസഭക്ക് അകത്തും പുറത്തും പോരാടിയാണ് ഒരോ പദ്ധതികളും എം.എൽ.എ നടപ്പാക്കിയത്.

മണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങൾ എല്ലാം ഹൈടെക്കായി മാറി. റോഡുകൾ എല്ലാം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് ഒരുക്കി നൽകിയാണ് എം.എൽ.എ മാതൃകയായത്. എറണാകുളം ജില്ലയിലെ കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ഉറച്ച മണ്ഡലങ്ങളിൽ ഒന്നാണ് ആലുവ. ഇത്തവണയും ഒരു മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ഇടത് ക്യാമ്പിന് പോലുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ അണിയറ പ്രവർത്തനങ്ങൾ യു.ഡി.എഫ് പൂർത്തീകരിച്ച് കഴിഞ്ഞു. ഇനി സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാൽ ഉടൻ പരസ്യപ്രചരണത്തിന് തുടക്കം കുറിക്കാനാണ് യു.ഡി.എഫ് തയ്യാറെടുക്കുന്നത്. സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റ് നൽകാൻ പാർട്ടി തീരുമാനിച്ചാൽ അൻവർ സാദത്ത് തന്നെ യു.ഡി.എഫിന് വേണ്ടി മത്സരിക്കും. ആര് മത്സരിച്ചാലും നൂറ് ശതമാനം വിജയം സുനിശ്ചിതമാണെന്നാണ് കോൺഗ്രസ് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

മറുഭാഗത്ത് വ്യാപാരി വ്യവസായി സമിതി നേതാവ് റിയാസ്, നെടുമ്പാശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം നാസർ എന്നീ പേരുകളാണ് സി.പി.എമ്മിൽ ഉയർന്ന് കേൾക്കുന്നത്. പൊതുസ്വതന്ത്രനെ പരീക്ഷണത്തിനിറക്കാൻ ചില സി.പി.എം നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും പാർട്ടിക്ക് അകത്ത് വലിയ എതിർപ്പ് ഇതിനകം തന്നെ ഉയർന്ന് കഴിഞ്ഞു. എന്നാൽ മണ്ഡലത്തിലെ അഞ്ച് വർഷത്തെ വികസന നേട്ടങ്ങളും കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ജനവികാരവും ആലുവയിൽ ഇത്തവണയും ത്രിവർണ്ണ പതാക തന്നെ പറപ്പിക്കുമെന്നാണ് ജനസംസാരം.

Comments (0)
Add Comment