കടവൂര്‍ വിദ്യാധരന്‍ കൊലക്കേസ് : പ്രതി എൽദോസ് അറസ്റ്റില്‍; ഇന്ന് കോടതിയിൽ ഹാജരാക്കും

Jaihind Webdesk
Tuesday, April 9, 2019

മദ്യലഹരിയിൽ വാക്ക് തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോതമംഗലം കോടതിയിൽ ഹാജരാക്കും.

കോതമംഗലം കടവൂർ സ്വദേശി മാടയ്ക്കാപ്പിള്ളിൽ എൽദോസ് ആണ് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. കടവൂർ സ്വദേശിയായ പൂതംകുഴിയിൽ വിദ്യാധരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മരിച്ച വിദ്യാധരൻ പെയിന്‍റിംഗ് തൊഴിലാളിയും പ്രതി എൽദോസ് ലെയ്ത്ത് പണിക്കാരനുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന ഇവർ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കടവൂർ ഭരതപ്പുഴ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രതി എൽദോസ് വീട്ടിൽപ്പോയി കത്തിയുമായി മടങ്ങി വന്ന് വിദ്യാധരനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു വീണ വിദ്യാധരനെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിയെ രാത്രി തന്നെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ ഇന്ന് കോതമംഗലം കോടതിയിൽ ഹാജരാക്കും.[yop_poll id=2]