സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയും മര്‍ദ്ദനവും: ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു

Jaihind Webdesk
Sunday, September 22, 2019

എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ശേഷം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ്രൈഡവര്‍ ആശുപത്രിയില്‍ മരിച്ചു. എലത്തൂര്‍ എസ് കെ ബസാറിലെ രാജേഷാണ് മരിച്ചത്. ഓട്ടോ പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനായ രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികില്‍സയില്‍ കഴിയവേയാണ് ഇന്നലെ രാത്രി വൈകി മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎം സിപിഎം പ്രാദേശിക നേതാക്കളായ ശ്രീലേഷ്, ഷൈജു റിമാന്‍ഡിലാണ്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്.