മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ബി.ജെ.പി കടുത്ത ക്ഷീണം നേരിടുന്ന കാലമാണിത്. സഖ്യകക്ഷിയായ ശിവസേനയുടെ വിമര്‍ശനവും പിണക്കവും ശക്തിപ്രാപിക്കുന്നതിന് പിന്നാലെ. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നു. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഏക്നാഥ് ഖഡ്സെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍. ഫഡ്നാവിസ് ഭരണകാലത്ത് ഒതുക്കാന്‍ ശ്രമിച്ചതോടെയാണ് ഖഡ്സേയുടെ ബിജെപി വിടുകയാണെന്ന പരസ്യ പ്രസ്താവന. തന്റെ ശക്തികേന്ദ്രമായ ഭൂസാവാലില് ലേവ പാട്ടീല്‍ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി വിടാനൊരുങ്ങുകയാണെന്ന സൂചന ഖഡ്സെ നല്‍കിയത്. കോണ്‍ഗ്രസ് മുന്‍ എംപി ഉല്‍ഹാസ് പാട്ടില്‍ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു ഖഡ്സെയുടെ പ്രസ്താവന.
ഏക്നാഥ് ഖഡ്സെ മുന്‍ റവന്യു മന്ത്രിയായിരുന്നെങ്കിലും 2016ല്‍ രാജിവെക്കുകയായിരുന്നു. ഫഡ്നാവിസ് മന്ത്രിസഭയില്‍ നിന്ന് പുറത്തായതില്‍ പിന്നെ ഖഡ്സേയ്ക്ക് പഴയ പ്രതാപത്തിലേക്ക് എത്താനായില്ല. ജലസേചന മന്ത്രിയും മുഖ്യമന്ത്രി ഫഡ്നാവിസിന്റെ അടുത്തയാളുമായ ഗിരീഷ് മഹാജന് പാര്‍ട്ടിയില്‍ കരുത്തനായതോടെയാണ് ഖഡ്സെയ്ക്ക് പാര്‍ട്ടിയില്‍ സ്വാധീനം കുറഞ്ഞത്.
ഖഡ്സെയുടെ പ്രസംഗത്തിന് ശേഷം മുന്‍ കോണ്‍ഗ്രസ് എംപി ഉല്‍ഹാസ് പാട്ടില്‍ ഖഡ്സെയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖഡ്സെയോട് കടുത്ത അനീതിയാണ് ബിജെപി കാട്ടിയതെന്നും കുറ്റപ്പെടുത്തുകയും ചെയ്തു. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാനും ഖഡ്സയെ ഈ വര്‍ഷം ആദ്യം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
ഭരണം പിടിക്കാനായി കോണ്‍ഗ്രസ് അടക്കം മറ്റ് പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച മോഡി- അമിത് ഷാ കുതന്ത്രങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മാറുന്ന നേതാക്കളുടെയും അണികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.