സംസ്ഥാന ബിജെപിയിലെ ഭിന്നത പരിഹരിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രമവും പാളി; കേന്ദ്ര നേതൃത്വം വിളിച്ച പാർട്ടി നേതൃ യോഗത്തിലും ശോഭാ സുരേന്ദ്രൻ പങ്കെടുത്തില്ല

Jaihind News Bureau
Friday, November 20, 2020

സംസ്ഥാന ബിജെപിയിലെ ഭിന്നത പരിഹരിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രമവും പാളി. പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്ര നേതൃത്വം ഇടപെട്ട് കൊച്ചിയിൽ ചേർന്ന പാർട്ടി നേതൃ യോഗത്തിലും ശോഭാ സുരേന്ദ്രൻ പങ്കെടുത്തില്ല. മുതിർന്ന നേതാവ് ഒ രാജഗോപാൽ എം എൽ എ യും യോഗത്തിനെത്തിയില്ല.

കേരളത്തിന്‍റെ ചുമതലയുള്ള ബിജെപിയുടെ പ്രഭാരി സി. പി രാധാകൃഷ്ണൻ വിളിച്ച് ചേർത്ത പാർട്ടി നേതൃയോഗത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തപ്പേൾ, ശോഭാ സുരേന്ദ്രൻ വിട്ടു നിന്നു. യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സിപി രാധാകൃഷ്ണൻ ശോഭ സുരേന്ദ്രനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പാർട്ടിയിൽ താൻ തഴയപ്പെട്ടു എന്നും, അർഹമായ പരിഗണന ലഭിക്കാതെ നേതൃ യോഗത്തിൽ പങ്കെടുക്കില്ലെന്നുമാണ് ശോഭാ സുരേന്ദ്രൻ സി പി രാധാകൃഷ്ണനെ അറിയിച്ചത്. പാർട്ടിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിർദ്ദേശം.

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ അസാധാരണമായ സാഹചര്യമാണ് ബിജെപിയിൽ ഉടലെടുത്തിട്ടുള്ളത്. ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്കും ഇത്‌ കാരണമായിട്ടുണ്ട്. ഇതിനെ തുടർന്നാണ് പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായത്.
തെരഞ്ഞെടുപ്പിനു മുൻപ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയാകുമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇന്ന് ശോഭാ സുരേന്ദ്രന്‍ വിഷയം ചര്‍ച്ചയായില്ലെന്നും ചര്‍ച്ച ചെയ്യേണ്ടതാണോ അല്ലയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും യോഗശേഷം കെ.സുരേന്ദ്രൻ പ്രതികരിച്ചു.

ശോഭ സുരേന്ദ്രന്‍റെ നിലപാടിനെതിരെ മുരളീധരപക്ഷവും കടുത്ത അതൃപ്തിയിൽ ആണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശോഭ നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കുകയാണെന്നും ഈ വിഭാഗം ആരോപിക്കുന്നു. അതൃപ്തി ഉണ്ടെങ്കിലും വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് കെ സുരേന്ദ്രന്‍റെ നിലപാട്.