മന്ത്രി ജലീലിനെ ഇ.ഡി ഉടന്‍ ചോദ്യം ചെയ്യും ; ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായി സൂചന ; സർക്കാർ കൂടുതല്‍ പ്രതിരോധത്തില്‍

Jaihind News Bureau
Thursday, September 10, 2020

 

കൊച്ചി:  മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായാണ് വിവരം. തിരുവനന്തപുരത്തു നിന്ന് സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്‍റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടു പോയത് ഖുർആൻ ആണെന്ന ജലീലിന്‍റെ വാദം  കസ്റ്റംസ് നേരത്തെ  തള്ളിയിരുന്നു.  മറ്റൊരു രാഷ്ട്രത്തിലേക്ക് നയതന്ത്ര ചാനല്‍ വഴി ഖുര്‍ആന്‍ അയക്കാറില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതും ജലീലിനെ വെട്ടിലാക്കിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങളാകും ഇ. ഡി ആരായുക.

വിദേശ കോണ്‍സുലേറ്റ് പ്രതിനിധികളുമായുള്ള ഇടപാടുകളില്‍ മന്ത്രി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നും വിലയിരുത്തലുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് റംസാന്‍ കിറ്റുകള്‍ വാങ്ങി വിതരണം ചെയ്തു എന്നും ജലീല്‍ സമ്മതിച്ചിട്ടുണ്ട്. ഇതും അന്വേഷണവിധേയമാകും. ഇതുവരെ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങളല്ല എന്നതും ജലീലിനെ പ്രതിരോധത്തിലാക്കുന്നു. എങ്കില്‍ പാഴ്‌സലായി വന്നതും മലപ്പുറത്തേക്ക് കൊണ്ടുപോയതും എന്താണ് എന്നതാണ് പ്രധാന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിരുന്നു.

സ്വർണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.  സ്വർണ്ണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. സ്വർണ്ണക്കടത്ത് കേസിലെയും ബംഗളൂരു ലഹരിമരുന്ന് കേസിലെയും പ്രതികളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് ഇ.ഡിക്ക് മൊഴി നൽകി. ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ബിനീഷിന്‍റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് കണ്ടെത്തല്‍. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലും ക്ലീന്‍ ചിറ്റ് നല്‍കാവുന്ന വിവരങ്ങളല്ല ലഭിച്ചതെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റ് നല്‍കുന്ന സൂചന. ഈ വിവരങ്ങള്‍ പരിശോധിച്ച ശേഷമാകും വീണ്ടും ചോദ്യം ചെയ്യുക.