കള്ളപ്പണ ഇടപാട് കേസ് : ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം ഉടന്‍ ; സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാന്‍ നീക്കം

Jaihind News Bureau
Saturday, December 12, 2020

 

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഉടന്‍ കുറ്റപത്രം നല്‍കും. ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനാണ് ഇ ഡി
കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നത്. സ്വപ്നയെയും, സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

ഒക്ടോബർ 28നാണ് എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അറുപത് ദിവസത്തിനിടെ കുറ്റപത്രം സമർപ്പിക്കാതിരുന്നാൽ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. നേരത്തെ സ്വപ്ന സുരേഷിന് കോടതി ജാമ്യം നൽകിയിരുന്നു. ശിവശങ്കറിന്‍റെ കാര്യത്തിൽ അത് ഒഴിവാക്കുന്നതിനാണ് ഇഡിയുടെ ധൃതിപിടിച്ചുള്ള നീക്കം. ഇതിനോടകം ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ കൂട്ടി ചേർത്തുകൊണ്ടായിരിക്കും ശിവശങ്കറിനെതിരായ കുറ്റപത്രം സമർപ്പിക്കുക.

നേരത്തേ സ്വപ്നയ്ക്കും സരിത്തിനുമെതിരെ ഇ.ഡി. കോടതിയിൽ ആദ്യഘട്ട കുറ്റപത്ര നൽകിയിരുന്നു. അതിന് അനുബന്ധമായി ശിവശങ്കറിനെതിരായ രണ്ടാമത്തെ കുറ്റപത്രമായിരിക്കും സമർപ്പിക്കുക. ഇതോടൊപ്പം കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്നും ഇ.ഡി കോടതിയെ അറിയിക്കും. ഡിസംബർ 24-ന് മുമ്പുതന്നെ കേസിൽ മറ്റൊരു അനുബന്ധ കുറ്റപത്രം കൂടി കോടതിയെലേക്കെത്തുമെന്നും സൂചനയുണ്ട്. സ്വപ്നയും സരിത്തും കൂടുതൽ കാര്യങ്ങൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഇവരെ ചോദ്യം ചെയ്യുന്നതിൽ നിന്ന് എം.ശിവശങ്കറിനെതിരേ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിയും എന്നാണ് ഇ.ഡി. കരുതുന്നത്.

സ്വർണക്കടത്ത് കേസിൽ സ്വപ്നയെയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മൂന്നുദിവസത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കുന്ന കോടതി അനുമതി നൽകിയേക്കുമെന്ന കണക്ക് കൂട്ടിലിലാണ് ഇ.ഡി. കോടതിയുടെ അനുമതി ലഭിച്ചാലുടൻ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാനാണ് ഇ.ഡി ആലോചിക്കുന്നത്. അതിനിടെ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന കാര്യത്തിലും ഇ ഡി ഉടൻ തീരുമാനമെടുക്കും.