ബിനീഷ് കോടിയേരി ഗള്‍ഫിലായിരുന്ന 5 വര്‍ഷവും കള്ളപ്പണം വെളുപ്പിച്ചു: ഇഡി

Jaihind News Bureau
Wednesday, November 4, 2020

 

കൊച്ചി: ബിനീഷ് കോടിയേരി ഗള്‍ഫിലായിരുന്ന അഞ്ചു വര്‍ഷക്കാലവും കള്ളപ്പണം വെളുപ്പിച്ചതായി വിവരം ലഭിച്ചുവെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. 2008 മുതല്‍ 2013 വരെയാണ് എന്‍ആര്‍ഐ പദവിയോടെ ബിനീഷ് ദുബായില്‍ കഴിഞ്ഞത്. ഈ സമയത്ത് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയും ആയി. ഈ കാലയളവിലും കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

ബിനീഷ് കോടിയേരിയുടെ അക്കൗണ്ടുകളില്‍ എത്തിയ പണത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിന്‍റെ ഭാഗമായി രണ്ടു ബാങ്കുകള്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒപ്പോടുകൂടിയ പണം നിക്ഷേപ രസീതികളുടെ പകര്‍പ്പ് ഹാജരാക്കാനാണു ബാങ്കുകള്‍ക്കു ഇഡി നല്‍കിയിരിക്കുന്ന നിർദ്ദേശം. ഇതോടെ ആരൊക്കെയാണ് ഈ അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്തിയതെന്നു കണ്ടെത്താനാകും.

ഏറ്റവും കൂടുതല്‍ പണം വന്ന അക്കൗണ്ടുകളുള്ള രണ്ടു ബാങ്കുകള്‍ക്കാണ് ഇഡി നിര്‍ദേശം നല്‍കിയത്. ഈ ബാങ്കുകളിലെ മൂന്ന് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ അധികവും നടത്തിയിട്ടുള്ളതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.