മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍

Jaihind News Bureau
Wednesday, October 28, 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍, കടത്തല്‍ എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനാമി ഇടപാട് കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ ശിവശങ്കർ ഉൾപ്പടെ 7 പ്രതികളാണ് ഉള്ളത്. ആറര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആണ് ശിവശങ്കറെ അറസ്റ്റുചെയ്തത്. വൈദ്യപരിശോധനയ്ക്കായി ശിവശങ്കറെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കര്‍ അറസ്റ്റിലായിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കർ തുറക്കാൻ മുൻകൈ എടുത്തത് ശിവശങ്കറായിരുന്നു.
30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിര്‍ണായകമായത്. സ്വന്തം ചാർട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയാക്കി. ഇത് കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനമാണെന്നു തെളിഞ്ഞു. പ്രതികൾക്ക് താമസിക്കാൻ ശിവശങ്കർ ഫ്ളാറ്റ് ബുക്ക് ചെയ്തത് മറ്റൊരു പ്രധാന തെളിവായി. പ്രതികളുമായുള്ള അടുപ്പത്തിന്‍റെ ആഴം ഇതിലൂടെ വ്യക്തമായി.

വ്യാഴാഴ്ച ശിവശങ്കറിനെ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസിൽ എത്തിച്ചിരുന്നു. തുടർന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.