സി.എം രവീന്ദ്രന്‍റെ ഭാര്യയ്ക്ക് ഊരാളുങ്കലുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി കണ്ടെത്തല്‍

Jaihind News Bureau
Thursday, December 3, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. എണ്‍പത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തി യന്ത്രം 2018 ല്‍ സൊസൈറ്റിക്ക് നല്‍കിയ വാടകയിനത്തില്‍ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം സൊസൈറ്റിയില്‍ നടത്തിയ റെയ്ഡിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ കണ്ടെത്തിയത്.

മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കില്‍ വാടക കൈമാറണമെന്നാണ് കരാര്‍. രണ്ടരവര്‍ഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ മെഷിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക്  വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായും ബാങ്ക് രേഖകള്‍ തെളിയിക്കുന്നു. ഇതിന്റെ മുഴുവന്‍ തെളിവുകളും ഇ.ഡി ശേഖരിച്ചു.

സി.എം.രവീന്ദ്രന് സൊസൈറ്റിയുമായുള്ള പണമിടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഇ.ഡി കൊച്ചി യൂണിറ്റ് കോഴിക്കോട് സബ് സോണല്‍ അധികൃതരെ ചുമതലപ്പെടുത്തിയത്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് ഓഹരിയുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.