തിരഞ്ഞെടുപ്പ് അടുത്തതോടെ ഇഡിയെ കളത്തിലിറക്കി കേന്ദ്ര സർക്കാരിന്‍റെ പതിവ് കുതന്ത്രം; രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ്

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന പതിവു കുതന്ത്രവുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്‍റെ മകന്‍ വൈഭവ് ഗെഹലോട്ടിനെ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ ഗെഹലോട്ട് സര്‍ക്കാറിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് മുന്നില്‍ കണ്ടാണ് കേന്ദ്ര സർക്കാർ പതിവ് തന്ത്രങ്ങള്‍ പയറ്റുന്നത്. രാജസ്ഥാനില്‍ തോല്‍വി ഉറപ്പിച്ചതോടെ ബിജെപി അവസാനത്തെ അടവുകള്‍ പയറ്റുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ പ്രതികരിച്ചു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി വരുതിയിലാക്കുന്ന സ്ഥിരം ശൈലിയുമായാണ് ഇത്തവണയും ബിജെപി സര്‍ക്കാര്‍ ഇറങ്ങുന്നത്. ഇതിന്‍റെ തുടക്കമെന്നവണ്ണം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്‍റെ മകന്‍ വൈഭവ് ഗെഹലോട്ടിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. വിദേശനാണ്യ ചട്ടങ്ങളുടെ ലംഘനം ആരോപിച്ചാണ് ഇഡിയുടെ സമന്‍സ്. 2011 മുതലുള്ള സാമ്പത്തിക രേഖകള്‍ ഹാജരാക്കണണമെന്ന് എന്‍ഫോഴ്‌മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ടില്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷ നേതാക്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് ആരോപിച്ചു. നവംബര്‍ 25-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. മുമ്പും സമാനമായ രീതിയില്‍ കര്‍ണ്ണാടകയിലേയും മറ്റ് സംസ്ഥാനങ്ങളിലേയും തിരഞ്ഞടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാക്കളുടേയും ബന്ധുക്കളുടേയും വീടുകളില്‍ ഇഡി റെയ്ഡ് നടത്തിയതും ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടിയതും രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു.

Comments (0)
Add Comment