ഊരാളുങ്കല്‍ ആസ്ഥാനത്ത് ഇ.ഡി പരിശോധന ; രവീന്ദ്രനുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണം

Jaihind News Bureau
Monday, November 30, 2020

 

കോഴിക്കോട്:  ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്‍റ് പരിശോധന. സി.എം.രവീന്ദ്രനുമായി സൈസൈറ്റിക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന.

അതേസമയം സിഎം രവീന്ദ്രന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി വ്യാപക നിക്ഷേപമുണ്ടെന്നും ഇ.ഡി  കണ്ടെത്തിയിരുന്നു. ഇരു ജില്ലകളിലെയും വിവിധ സ്ഥാപനങ്ങളിൽ രവീന്ദ്രന് ഓഹരി ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇരു ജില്ലകളിലേയും വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി സംബന്ധിച്ച രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

വടകര ഓർക്കാട്ടേരി സ്വദേശിയായ സിഎം രവീന്ദ്രന് ഓഹരി നിക്ഷേപം ഉണ്ടെന്ന് ഇ.ഡി സംശയിച്ച 24 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചത്. വസ്ത്രവ്യാപാര ശാലകൾ, മൊബൈൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസം ഇ.ഡി പരിശോധന നടത്തിയത്.

രവീന്ദ്രന്‍റെ ബന്ധുവിന്‍റെ പേരിലാണ് ഈ സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഓർക്കാട്ടേരി, ഒഞ്ചിയം, ഇടക്കാട്, നിരവിൽ പുഴ എന്നിവിടങ്ങളിലും ഇവർക്ക് സ്ഥാപനങ്ങളുണ്ട്. രവീന്ദ്രന്‍റെ കുടുംബം കഴിഞ്ഞദിവസം കോഴിക്കോട്ടെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറ്റിയിരുന്നു. ഈ ഫ്ലാറ്റിന്‍റെ അറ്റകുറ്റപ്പണിക്ക് മാത്രമായി ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ചെന്നാണ് സൂചന.