എം ശിവശങ്കറിന്‍റെ കള്ളപ്പണ ഇടപാടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി; സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്കൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യും

Jaihind News Bureau
Saturday, October 31, 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച്‌ ചോദ്യം ചെയ്യാന്‍ ഇഡി. സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച്‌ ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസം സ്വപ്നയെ കസ്റ്റഡിയിലാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരി​ഗണിക്കും.

അതേസമയം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിന് വിദഗ്ദരായ കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം തേടാനൊരുങ്ങുകയാണ് ഇ.ഡി കൊച്ചി യൂണിറ്റ്. ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനൊപ്പമിരുത്തി ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം സ്വത്ത് മരവിപ്പിക്കൽ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങിയേക്കും.