സ്വർണ്ണക്കടത്ത്: ബിനീഷ് കോടിയേരിയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂർത്തിയായി; ഇഡി സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍ നീണ്ടത് 12 മണിക്കൂറോളം

Jaihind News Bureau
Wednesday, September 9, 2020

ബിനീഷ് കോടിയേരിയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂർത്തിയായി. 12 മണിക്കൂറോളമാണ് ഇഡി സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍ നീണ്ടത്. സ്വര്‍ണ്ണക്കടത്തിന് പിന്നിലെ ഹവാല-ബിനാമി ഇടപാട് സംബന്ധിച്ചും നടത്തിയ ചോദ്യംചെയ്യലിന് ശേഷമാണ് രാത്രി 10 മണിയോടെയാണ് ബിനീഷിനെ പുറത്തുവിട്ടത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റില്‍ നടന്ന ചോദ്യംചെയ്യലിന് നേതൃത്വം നല്‍കിയത് ജോയിന്‍റ് ഡയറക്ടര്‍ ജയ്ഗണേഷ് ആണ്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ചോദ്യംചെയ്യല്‍ ആരംഭിച്ചത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറ് ദിവസത്തെ സാവകാശം വേണമെന്ന ആവശ്യം ഇഡി തള്ളിയതോടെയാണ് ബിനീഷ് ഇന്ന് രാവിലെ ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ യുഎഎഫ് എക്സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് കമ്മീഷന്‍ ലഭിച്ചുവെന്ന് നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടര്‍മാരില്‍ ഒരാളായിട്ടുള്ള അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപെടലുകള്‍ നടത്തിയെന്ന വിവരവും ഇ.ഡിക്ക് ലഭിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് ഇ.ഡി ബിനീഷിനെ വിശദമായി ചോദ്യം ചെയ്യുന്നത്.

2015 നുശേഷം രജിസ്റ്റര്‍ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്നും വ്യക്തമായിരുന്നു. എന്നാല്‍, കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവുചിലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. അവയുടെ ലൈസന്‍സും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാര്‍ഥ ലക്ഷ്യം എന്തായിരുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും എന്‍ഫോഴ്‌സ്‌മെന്‍റ് ബിനീഷില്‍ നിന്ന് ചോദിച്ചറിയും. കമ്പനികളുടെ മറവില്‍ നടത്തിയ ഇടപാടുകളും ഇ.ഡി അന്വേഷിക്കും.

ഇതിനിടെ, മയക്കുമരുന്ന് സംഘങ്ങളുമായി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷിന്‍റെ പേര് പ്രതിപാദിച്ചിരുന്നു.

teevandi enkile ennodu para