സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍ ; ഗുരുതര പരാമർശങ്ങളുമായി ഇ.ഡി റിപ്പോർട്ട്

Jaihind News Bureau
Wednesday, November 11, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും നയതന്ത്ര ചാനല്‍ വഴിയുള്ള കടത്തിനെക്കുറിച്ചും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്‍റെ ടീമിനും  അറിയാമായിരുന്നുവെന്നും ഇ.ഡി. ശിവശങ്കറിന്‍റെ  കസ്റ്റഡി നീട്ടിനല്‍കാനുള്ള അപേക്ഷയിലാണ് ഇ.ഡിയുടെ പരാമർശങ്ങള്‍. ലൈഫ് മിഷന്‍, കെ-ഫോണ്‍ ഇടപാടുകള്‍ ശിവശങ്കറിന് അറിയാമായിരുന്നെന്നും ഇ.ഡി.തുടര്‍ന്നും ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടു.

ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചു. സ്വപ്നയ്ക്ക് സ്മാര്‍ട്സിറ്റി, കെഫോണ്‍, ലൈഫ് പദ്ധതികളുമായി ബന്ധമുണ്ട്. രഹസ്യവിവരങ്ങള്‍ സ്വപ്നയുമായി പങ്കിട്ടതിന് വാട്സാപ് ചാറ്റുകള്‍ തെളിവ്. സന്തോഷ് ഈപ്പനുമായും ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ലൈഫ്മിഷന്‍, കെ ഫോണ്‍ കരാറുകളില്‍ യൂണിടാകിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.