സാമ്പത്തിക വിദഗ്ധന്‍ ഇല്ലാത്ത സാമ്പത്തിക രംഗം

Jaihind News Bureau
Saturday, December 7, 2019

ഓരോരുത്തരും ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണ് – ഗാർഹിക ബജറ്റ് തയാറാക്കുന്ന വീട്ടമ്മ മുതൽ പാൽ വിതരണം ചെയ്യുന്നതിനായി പശുക്കളെ വളർത്തുന്ന ആള്‍ വരെ. നിർമാണ മേഖലയിലെ ചെറുകിട വ്യവസായ സംരംഭകൻ മുതൽ അപ്പാർട്ടുമെന്‍റുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന വന്‍കിടക്കാര്‍ വരെ.

ഓരോ മേഖലയിലെയും നിർദ്ദിഷ്ട നിയമങ്ങൾ, കരാറുകളും നികുതികളും സംബന്ധിച്ച പൊതു നിയമങ്ങൾ, വ്യാപാരത്തിലെ പരമ്പരാഗതവ്യവസ്ഥകള്‍, ഉപഭോക്താവുമായോ വ്യാപാര പങ്കാളിയുമായോ ഉള്ള ബന്ധം എന്നിവയൊക്കെ പാലിക്കാനും അനുസരിക്കാനും ഇവരൊക്കെ ബാധ്യസ്ഥരാണ്. ഇതൊക്കെ പൊതുവെ അറിയാവുന്ന കാര്യങ്ങളാണ്. അറിയാവുന്ന കാര്യങ്ങളില്‍ ഏറ്റവും മികച്ചത് പണമാണ്. ഞങ്ങളുടെ കഥയിലെ നായകൻ ഇത്തരത്തില്‍ അറിയാവുന്നവയുടെ (പണം) അടിസ്ഥാനത്തിൽ മാത്രം തീരുമാനങ്ങൾ എടുക്കുന്നയാളാണ്.

പക്ഷേ അറിയപ്പെടാത്ത കാര്യം പരിഗണിക്കുമ്പോള്‍ നായകന് തെറ്റ് സംഭവിച്ചേക്കാം. കാലങ്ങളോളം കഥാനായകന്‍ ഇത്തരത്തില്‍ അറിവില്ലാത്തവയുടെ രാജാവായി തുടർന്നേക്കാം.

കഥയിലെ നായകന്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാം. ഭരണകാര്യങ്ങളില്‍ ശ്രദ്ധേയമായ ഒരു വിവരണം നൽകാനും കഥാനായകന് കഴിഞ്ഞേക്കാം. പണം നായകൻ കൈകാര്യം ചെയ്യുന്നിടത്തോളം, അറിയാവുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ ഒരു പരിധിവരെ കൈകാര്യം ചെയ്യാനാവും. നായകന് അറിവില്ലാത്ത കാര്യങ്ങള്‍ക്ക് അപ്പുറത്തേക്ക് യാത്ര ചെയ്യേണ്ടിവരുമ്പോഴാണ് ശരിയായ കുഴപ്പമുണ്ടാകുന്നത്. ആ കുഴപ്പത്തെയാണ് വിപണി (മാർക്കറ്റ്) എന്ന് വിളിക്കുന്നത്. പരസ്‌പരം ബന്ധമില്ലാത്ത, വ്യത്യസ്ത ഉദ്ദേശങ്ങളാൽ  പ്രേരിതരാക്കപ്പെട്ട ദശലക്ഷക്കണക്കിന് ആള്‍ക്കാർ ഭയത്തിന്‍റെയും അനിശ്ചിതത്വത്തിന്‍റെയും അന്തരീക്ഷത്തിൽ വ്യക്തിഗത തീരുമാനങ്ങൾ എടുക്കുമ്പോള്‍ വിപണി കേവലം ചെറിയ പ്രശ്‌നമല്ല, മറിച്ച് അതൊരു വലിയ പ്രശ്‌നമായി മാറുന്നു.

ഒരു സർക്കാരിന് വേണ്ടി ബജറ്റ് തയാറാക്കുമ്പോള്‍ സന്തുലിതമായ ഒരു ബജറ്റ് പരീക്ഷണം നടത്തുന്നതുപോലെ വേറെ വെല്ലുവിളികളില്ല.  ഒരു സംസ്ഥാനം നടത്തുന്നത് ഒരു രാജ്യം ഭരിക്കുന്നത്ര വെല്ലുവിളികളെയും നേരിടുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം 12 വർഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്‍റെ ധനമന്ത്രി നിർമല സീതാരാമന്‍, ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാൻ കഴിവുള്ള സാമ്പത്തിക വിദഗ്ധരാണ് തങ്ങളെന്ന് അവർ ധരിച്ചു. എന്തുകൊണ്ട് അവര്‍ക്കങ്ങനെ ചിന്തിച്ചുകൂടാ ?

ദയനീയമായ കാര്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മന്ദഗതിയിലുള്ള തകർച്ചയ്ക്കും ആസന്നമായ തകർച്ചയ്ക്കും സാക്ഷ്യം വഹിക്കുന്ന അവസ്ഥയിലാണ് അവർ. ഔദ്യോഗിക കണക്കുകൾ പ്രകാരം അവസാന ആറ് പാദങ്ങളിൽ, ഇന്ത്യയുടെ ജി.ഡി.പി വളർച്ച 8, 7, 6.6, 5.8, 5, 4.5 എന്നിങ്ങനെയായിരുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയും ഈ കണക്കുകളില്‍ തീര്‍ത്തും ആശങ്കാകുലരാണെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ ആശങ്ക പുറത്തുകാണിക്കാതിരിക്കാന്‍ അവർ ബദ്ധപ്പെടുകയാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും തമ്മില്‍ വ്യക്തമായ തൊഴില്‍ വിഭജനം ഉണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനങ്ങള്‍ എടുക്കുകയും ധനമന്ത്രിയുടെ ഓഫീസ് അത് നടപ്പാക്കുകയുമാണ് ചെയ്യുന്നത്. രണ്ട് ഓഫീസുകളിലെയും ഉദ്യോഗസ്ഥര്‍ തമ്മിൽ പരസ്പര സംശയവും കുറ്റപ്പെടുത്തലും നിലനില്‍ക്കുകയും ചെയ്യുന്നു.

ഇപ്പോൾ, കഥയിലെ രണ്ട് പ്രധാന നായകന്മാർ നിസാരമായ സവാളയുടെ വില നിയന്ത്രിക്കാൻ പാടുപെടുകയാണ്. ദരിദ്രരുടെയും മധ്യവർഗത്തിന്‍റെയും ദൈനംദിന ജീവിതത്തില്‍ പ്രധാന്യമുള്ള ഒരു പച്ചക്കറി. ഉള്ളിക്ക് പകരം വെക്കാന്‍ മറ്റെന്തിനാകും ?

കൂടാതെ, ദേശീയ സാമ്പിള്‍ സർവെ ഓഫീസിന്‍റെ (എൻ‌.എസ്‌.എസ്.ഒ) കണക്ക് പ്രകാരം ഗാർഹിക ഉപഭോഗം ഗണ്യമായി കുറഞ്ഞു. ഗ്രാമീണ വേതനത്തിലും കാര്യമായ കുറവുണ്ടായി. ഉൽ‌പന്നങ്ങള്‍ക്ക് ലഭിക്കുന്ന വില കുറഞ്ഞു, പ്രത്യേകിച്ച് കർഷകർക്ക്. പ്രതിദിന വേതനക്കാർക്ക് മാസത്തിൽ 15 ദിവസത്തിൽ കൂടുതല്‍ തൊഴില്‍ ലഭിക്കാത്ത അവസ്ഥ. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യം ഉയർന്നു. ഈട് നില്‍ക്കുന്നതും അല്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പനയിലും വന്‍ ഇടിവുണ്ടായി. മൊത്ത വിലക്കയറ്റം 1.92 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വിലക്കയറ്റം 4.62 ശതമാനമാണ്. എല്ലാ താപവൈദ്യുത നിലയങ്ങളുടെയും പ്ലാന്‍റ് ലോഡ് ഘടകം ഏകദേശം 49 ശതമാനമാണ്, അതായത് വ്യാവസായിക മേഖലയില്‍ വൈദ്യുതിയുടെ ആവശ്യം ഗണ്യമായി കുറഞ്ഞതിനാല്‍ താപനിലയങ്ങളുടെ ശേഷി പകുതിയായി കുറച്ചിരിക്കുകയാണ്.

ആസന്നമായ ദുരന്തം ഒഴിവാക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. നോട്ട് നിരോധനം, അശാസ്ത്രീയമായി ജി.എസ്.ടി നടപ്പിലാക്കല്‍, നികുതി ഭീകരത തുടങ്ങി മുൻ‌കാലങ്ങളിൽ എടുത്ത അനിഷേധ്യമായ തീരുമാനങ്ങളില്‍ ദുർബലമായ പ്രതിരോധം തീർക്കുന്നതും ധാര്‍ഷ്ട്യവുമാണ് സർക്കാരിന്‍റെ തെറ്റ്. 2016 നവംബർ 8 ല്‍  നടപ്പിലാക്കിയ  നോട്ട് നിരോധനം, മനുഷ്യനിർമിത ദുരന്തമായി മാറുന്നതാണ് നാം കണ്ടത്. മുന്നറിയിപ്പുകൾ നൽകിയിട്ടും, സ്റ്റോക്ക് എടുക്കുന്നത് സർക്കാർ താൽക്കാലികമായി നിർത്തിയില്ല. സമ്പദ്‌വ്യവസ്ഥയുടെ ‘കഴിവില്ലാത്ത മാനേജർ’ എന്നാണ് സാമ്പത്തികവിദഗ്ധര്‍ മോദി സർക്കാരിനെ വിശേഷിപ്പിച്ചത്. മറ്റ് മാർഗങ്ങളില്ലാതെ, മന്ത്രിമാർ അപഹാസ്യപരമായ പ്രസ്താവനകള്‍ നടത്തുന്നത് തുടർന്നു.

സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന് സർക്കാർ അംഗീകരിച്ചെങ്കിലും പരിഹരിക്കപ്പെടേണ്ട ‘ഘടനാപരമായ’ പ്രശ്‌നങ്ങളില്ലെന്നായിരുന്നു സർക്കാരിന്‍റെ കണ്ടെത്തല്‍. പ്രശ്‌നങ്ങളെ ‘ചാക്രികം’ എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. കാരണങ്ങൾ അവർ ‘സീസണൽ’ ആയി തിരിച്ചറിഞ്ഞില്ല എന്നത് ഒരു ചെറിയ കാരുണ്യമാണ്!

സമർത്ഥരായ സാമ്പത്തിക വിദഗ്ധരുടെ സഹായവും ഉപദേശവുമില്ലാതെയാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നിലവില്‍ പ്രവർത്തിക്കുന്നത്. ഡോ. അരവിന്ദ് സുബ്രഹ്മണ്യനായിരുന്നു സർക്കാരിന് ഉപദേശം നല്‍കിയിരുന്ന അവസാനത്തെ സാമ്പത്തിക വിദഗ്ധന്‍. പ്രൊഫസർ ഇല്ലാതെ ഒരു  പ്രോഗ്രാം പഠിപ്പിക്കുന്നത് പോലെയോ അല്ലെങ്കിൽ ഡോക്ടർ ഇല്ലാതെ സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തുകയോ ചെയ്യുന്നതിന് സമാനമാണ് നല്ല സാമ്പത്തിക വിദഗ്ധരില്ലാതെ – കഴിവില്ലാത്ത മാനേജർമാരിലൂടെ – ഒരു സമ്പദ്‌വ്യവസ്ഥ നടത്തുന്നതും.