രാജ്യത്തിന് ഏറെ പ്രാധാന്യമുള്ളതും തികച്ചും ആധികാരികവും ഔദ്യോഗികവുമായ സാമ്പത്തിക സർവേ 2019-20 തയ്യാറാക്കാനായി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യവും അവലംബിച്ച രേഖകളില്‍, ആധികാരികം എന്ന് ഒരിക്കലും വിലയിരുത്താനാകാത്ത, വിക്കിപീഡിയയിൽ നിന്നുള്ള വിവരങ്ങളുമെന്ന് രേഖകള്‍. വിക്കിപീഡിയയ്ക്ക് പുറമെ ബ്ലൂംബർഗ്, ഐസിആർഎ, സിഎംഐഇ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഫോബ്സ്, ബിഎസ്ഇ തുടങ്ങിയ സ്വകാര്യ സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റയെയും സർവേ ആശ്രയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക സർവ്വേ റിപ്പോർട്ടിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകർ സൃഷ്ടിക്കുകയും എഡിറ്റുചെയ്യുകയും വിക്കിമീഡിയ ഫൗണ്ടേഷൻ ഹോസ്റ്റുചെയ്യുകയും ചെയ്യുന്ന ഒരു സൗജന്യ ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. ഇതിനെ ഒരിക്കലും വിവരങ്ങള്‍ ലഭ്യമാകുന്ന വിശ്വസനീയമായ ഒരു ഉറവിടമായി കണക്കാക്കാനാകില്ലെന്നത് ഏവർക്കും അറിവുള്ളതുമാണ്.
ഇതിന് പുറമെ ആമ്പിറ്റ് ക്യാപിറ്റല്‍, heritage.org, fraserinstitute.org എന്നീ സൈറ്റുകളുകളും വിവര സ്രോതസ്സുകളായി. കൂടാതെ അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഐബിബിഐ, സിബിൽ, ദേശീയ സാമ്പിൾ സർവേ ഓഫീസ്, ഉപഭോക്തൃ കാര്യ വകുപ്പ്, ഐക്യരാഷ്ട്രസഭ, സിഡ്ബി എന്നിവയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ശ്രീമദ് ഭഗവദ്ഗീത, ഋഗ് വേദം, ആദം സ്മിത്തിന്റെ ‘രാജ്യങ്ങളുടെ സമ്പത്തിന്റെ സ്വഭാവവും കാരണങ്ങളും സംബന്ധിച്ച ഒരു അന്വേഷണം’, കൗടില്യന്റെ അർത്ഥശാസ്ത്രം, തമിഴ് സന്യാസിയും തത്ത്വചിന്തകനുമായ തിരുവള്ളുവരുടെ തിരുക്കുറൽ എന്നിവയിൽ നിന്നുള്ള ഉദ്ധരണികളും സർവേയിൽ ഉദ്ധരിച്ചിട്ടുണ്ട്.