പരിസ്ഥിതിലോല മേഖല : സര്‍ക്കാര്‍ അടിയന്തരമായി സത്യവാങ്മൂലം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, July 14, 2020

 

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനേ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സുപ്രീം കോടതിയുടെ മുമ്പാകെ ഗോവ ഫൗണ്ടേഷനും മറ്റ് 26 പേരും നല്‍കിയ പെറ്റീഷന്‍റെ അടിസ്ഥാനത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള 6 സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പശ്ചിമഘട്ടത്തെയും ഈ പ്രദേശത്ത് കുടിയേറിയ കര്‍ഷകരെയും സംരക്ഷിക്കുകയെന്ന വ്യക്തമായ നിലപാടിന്‍റെ അടിസ്ഥാനത്തില്‍ വേണം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍. ലക്ഷക്കണക്കിന് കര്‍ഷകരേയും അവരുടെ ജീവിതോപാധിയേയും ബാധിക്കുന്ന ഗുരുതരമായ വിഷയം എന്ന നിലയില്‍ അടിയന്തര പ്രാധാന്യത്തോടെ ഇത് കൈകാര്യം ചെയ്യണം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് ഇതിനായി പരിഗണിക്കേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമാണ്. സാറ്റലൈറ്റ് മാപ്പിംഗിലൂടെ 123 വില്ലേജുകളെ മുഴുവന്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചത് വലിയ തോതിലുള്ള പരാതികള്‍ക്കും പരിഭ്രമത്തിനും വഴിയൊരുക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി പ്രസ്തുത സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയും 123 വില്ലേജുകളിലെ ജനവാസ കേന്ദ്രം, കൃഷിഭൂമി, തോട്ടങ്ങള്‍ തുടങ്ങിയവയെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് മാറ്റാന്‍ വില്ലേജ് തലത്തില്‍ കമ്മിറ്റികളെ നിയോഗിച്ച് ഭൂനിര്‍ണയം നടത്തുകയും ചെയ്തു. അതത് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ചെയര്‍മാന്‍മാരായി രൂപീകരിച്ച സമിതിയില്‍ ജനപ്രതിനിധികളും വില്ലേജ്, വനം, സര്‍വെ, പഞ്ചായത്ത് വകുപ്പുകളിലെ പ്രതിനിധികളും ഉണ്ടായിരുന്നു. 123 വില്ലേജുകളിലും കമ്മിറ്റി രൂപീകരിച്ചു.

പശ്ചിമഘട്ടമേഖലയില്‍ 40 ലധികം ജനസമ്പര്‍ക്ക സമ്മേളനങ്ങള്‍ നടത്തുകയും അതില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുകയും ചെയ്തു. 8976 പരാതികളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ഈ പരാതികളുടെയും കമ്മിറ്റിയുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ തീരുമാനങ്ങള്‍ എടുത്തു. പട്ടയഭൂമികളെയും കൃഷിസ്ഥലങ്ങള്‍, തോട്ടങ്ങള്‍, വാസസ്ഥലങ്ങള്‍ എന്നിവയെ പൂര്‍ണമായി പരിസ്ഥിതി ലോലമേഖലയില്‍ നിന്ന് മാറ്റി. 3114 ചതുരശ്ര കിലോമീറ്ററാണ് ഈ രീതിയില്‍ കുറച്ചത്. ഇത് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്തു. 13,108 ചതുരശ്ര കിലോമീറ്ററിനു പകരം ഇനി 9993.70 ചതുരശ്ര കിലോമീറ്റര്‍ ഭൂമി മാത്രമാണ് സംസ്ഥാനത്ത് പരിസ്ഥിതി ലോലമേഖലയില്‍ ഉള്ളത്. വനഭൂമിയും ചതുപ്പുനിലയങ്ങളും പാറക്കെട്ടുകളും മാത്രം പരിസ്ഥിതിലോല പ്രദേശമായി തുടരും. യു.ഡി.എഫ് സര്‍ക്കാര്‍ ശാസ്ത്രീയമായി പഠിച്ച് കേരളത്തിന്‍റെ നിലപാട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയതുകൊണ്ടാണ് ഇതു സാധ്യമായതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് താലൂക്കും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വില്ലേജുകളും അടിസ്ഥാനമാക്കിയപ്പോള്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി സര്‍വെ നമ്പര്‍ അടിസ്ഥാനത്തില്‍ കെഡസ്ട്രല്‍ മാപ്പ് രൂപീകരിച്ച് അതിന്‍റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ലോല മേഖല തിരിച്ചത്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ പരിസ്ഥിതിലോല മേഖല കണ്ടെത്താനും ജനങ്ങളുടെ ആശങ്ക പൂര്‍ണമായി അകറ്റാനും സാധിച്ചെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കേരളത്തിലുള്ള പശ്ചിമഘട്ട മേഖലയേയും ഇവിടെ അധിവസിക്കുന്നവരെയും സംരക്ഷിക്കാന്‍ ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയല്‍ സത്യവാങ്മൂലം നല്കണം. ഇക്കാര്യത്തില്‍ കാലവിളംബം വരുത്തരുതെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

teevandi enkile ennodu para