വോട്ടര്‍ പട്ടികയില്‍നിന്ന് ബോധപൂര്‍വ്വം പേര് നീക്കിയെങ്കില്‍ കര്‍ശന നടപടി: ടിക്കാറാം മീണ

Jaihind Webdesk
Friday, May 3, 2019

TeekaRam-Meena

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ അനധികൃതമായി നീക്കിയെന്ന പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന്് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിവരും. അതേസമയം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ള പലരും പട്ടികയുടെ പരിശോധനയില്‍ പങ്കെടുക്കാത്തതാണ് പേര് ഒഴിവാകാനുള്ള കാരണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടായിരുന്നു. പട്ടികയില്‍ പേരില്ലെങ്കില്‍, അത് ചേര്‍ക്കാനായി ബൂത്തു തലത്തില്‍ രണ്ട് ക്യാമ്പുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘടിപ്പിച്ചിരുന്നു. എന്നിട്ടും ചില ജില്ലകളില്‍ പല ബൂത്തിലും 5 മുതല്‍ 30 വരെ പേരുകള്‍ ഒഴിവാക്കപ്പെട്ടു എന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ബൂത്ത് ലെവല്‍ ഓഫീസറുടെ അനുവാദമോ റിപ്പോര്‍ട്ടോ ഇല്ലാതെ അതിന് കീഴില്‍പ്രവര്‍ത്തിച്ച ഇടത് സംഘടനക്കാരായ സര്‍ക്കാര്‍ ജീവനക്കാരാണ് ഇതിന് പിന്നിലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ഇത് ഗൗരവമായി പരിശോധിക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്.