‘ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയല്ല’ ; കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Jaihind Webdesk
Thursday, April 18, 2019

ന്യൂഡല്‍ഹി: സൈന്യത്തെ ‘മോദിയുടെ സേന’യെന്ന് വിശേഷിപ്പിച്ച ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. സൈനിക വിഭാഗങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവരുതെന്നും കമ്മീഷന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

ഏപ്രില്‍ മൂന്നാം തിയതി റാംപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ സേനയെന്ന് സൈന്യത്തെ നഖ്വി വിശേഷിപ്പിച്ചത്. ഈ വിഷയത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആ പദപ്രയോഗം താന്‍ നടത്തിയെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തതോടെയാണ് താക്കീത്.

പെരുമാറ്റച്ചട്ടം പാലിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചു. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കുമെതിരെ കമ്മീഷന്‍ കശന നടപടി സ്വീകരിച്ചിരുന്നു.