മോദിയുടെ പ്രസംഗവും റോഡ് ഷോയും ചട്ടലംഘനമാണോയെന്ന് പരിശോധിക്കും : തെരഞ്ഞെടുപ്പ് കമ്മീഷൻ

Jaihind Webdesk
Wednesday, April 24, 2019

ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി നടത്തിയ പ്രസംഗവും റോഡ് ഷോയും ചട്ടലംഘനമാണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും. സംഭവത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറിൽനിന്ന് റിപ്പോർട്ട് തേടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദി ശേഷം തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും ചെറു പ്രസംഗം നടത്തുകയും ചെയ്തിരുന്നു. മോദിയുടെ നടപടി ചട്ടലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പരാതി നൽകി. മോദിയെ 48 മുതൽ 72 മണിക്കൂർ വരെ പ്രചാരണത്തിൽനിന്ന് വിലക്കണണെന്നാണ് സിങ്‌വി ആവശ്യപ്പെട്ടത്. വോട്ടിന് ബോംബിനേക്കാൾ ശക്തിയുണ്ടെന്നും വോട്ട് ചെയ്തപ്പോൾ കുംഭമേളയിൽ പങ്കെടുത്ത നിർവൃതി ലഭിച്ചുവെന്നുമാണ് മോദി പറഞ്ഞത്. ഇതിനെതിരെയാണ് സിങ്‌വി പരാതി നൽകിയത്.