ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുല്‍വാമ ഭീകരാക്രമണവും ബലാകോട്ട് മിന്നലാക്രമണവും ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കുകയാണെന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കരുതെന്ന് വ്യക്തമായ നിര്‍ദേശം നിലനില്‍ക്കുമ്പോഴായിരുന്നു മോദിയുടെ പ്രസംഗം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ആദ്യമായി പുല്‍വാമ ഭീകരാക്രമണവും ബലാകോട്ട് മിന്നലാക്രമണവും മോദി പ്രചാരണവിഷയമാക്കിയത്. ഇതിനെതിരെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും തുടർന്നും പ്രചാരണവേദികളില്‍ മോദി സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിച്ച് പ്രസംഗിച്ചു. ഇതിലാണ് നടപടിക്ക് സാധ്യതയുണ്ടായേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സൂചന നല്‍കിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സൈന്യത്തെ രാഷട്രീയവത്ക്കരിച്ച് തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചിരുന്നു.