ഉത്തർ പ്രദേശിലെ സുൽത്താൻപൂരിൽ വോട്ട് ചോദിക്കുന്നതിനിടെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ്. സുൽത്താൻപുർ ജില്ലാ മജിസ്‌ട്രേറ്റാണ് നോട്ടീസ് അയച്ചത്. തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ജനപ്രതിനിധി എന്ന നിലയിൽ തന്റെ സഹായം ലഭിക്കില്ലെന്ന മനേകയുടെ പ്രസ്താവനയിലാണ് നോട്ടീസ് അയച്ചത്.
മനേകാഗാന്ധിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് സംഭവവുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടും അയച്ചിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് ഇലക്ഷൻ ഓഫീസർ അറിയിച്ചു.
തനിക്ക് വോട്ട് ചെയ്യാത്ത മുസ്‌ലീംകൾ പിന്നീട് ഒരു കാര്യത്തിനും സമീപിക്കേണ്ടതില്ല എന്ന രീതിയിലായിരുന്നു മനേകയുടെ പ്രസംഗം. ‘ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഉള്ളത് കൊണ്ട് ഞാൻ ഇവിടെ എന്തായാലും വിജയിക്കും. എന്നാൽ മുസ്‌ലിംകളുടെ വോട്ട് ഇല്ലാതെയാണ് വിജയിക്കുന്നതെങ്കിൽ അത് എന്നെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ കാര്യമല്ല. ചിലപ്പോൾ അനുഭവം മോശമായേക്കാം. എന്തെങ്കിലും ആവശ്യത്തിന് പിന്നീട് മുസ്‌ലിംകൾ എന്നെ സമീപിച്ചാൽ അപ്പോൾ ഒന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല. നിങ്ങളുടെ വോട്ട് ഇല്ലെങ്കിലും ഞാൻ വിജയിക്കും’ -മനേക ഗാന്ധി വ്യക്തമാക്കി.
സുൽത്താൻപൂരിലെ തുറാക്ബാനി മേഖലയിലാണ് മനേക ഗാന്ധി പ്രസംഗിച്ചത്. നിരവധി മുസ്‌ലിം മത വിശ്വാസികളും അവരുടെ പ്രസംഗം കേൾക്കാനായി തടിച്ചുകൂടിയിരുന്നു. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തവണ മകൻ വരുൺ ഗാന്ധിയുമായി മനേക ഗാന്ധി ലോക്സഭാ സീറ്റ് വെച്ചുമാറുകയായിരുന്നു. കഴിഞ്ഞ തവണ വരുൺ സുൽത്താൻപൂരിലും മനേക പിലിഭിത്തിലുമാണ് ജനവിധി തേടിയത്.