രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്; അമിത് ഷായ്ക്ക് എതിരായ പരാമര്‍ശത്തില്‍ ചട്ടലംഘനമില്ല

 

അമിത് ഷായ്ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്ക്കെതിരെ നടത്തിയ ‘കൊലക്കേസില്‍ കുറ്റാരോപിതന്‍’ എന്ന പരാമര്‍ശത്തിലാണ് ക്ലീന്‍ ചിറ്റ്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ജബല്‍പൂര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അയച്ചുനല്‍കിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം പരിശോധിച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഏപ്രില്‍ 23ന് മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ സിഹോറയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

‘കൊലക്കേസില്‍ കുറ്റാരോപിതനായ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ… എത്ര അഭിമാനകരം ! അദ്ദേഹത്തിന്‍റെ പുത്രന്‍ ജയ് ഷാ ആകട്ടെ ഒരു മാന്ത്രികനാണ്. 50,000 രൂപ വെറും മൂന്ന് മാസം കൊണ്ട് അദ്ദേഹം 80 കോടിയാക്കി മാറ്റി ‘ – ഇതായിരുന്നു രാഹുല്‍ ഗാന്ധി സിഹോറയില്‍ പറഞ്ഞത്.

വിശദമായി പരിശോധിച്ചതില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.  മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

rahul gandhiamit shah
Comments (0)
Add Comment