‘പി.എം മോദി’യുടെ റിലീസ് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Jaihind Webdesk
Wednesday, April 10, 2019

Narendra-Modi

പ്രധാന മന്ത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ചിത്രം പി.എം മോദിയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ സിനിമ റിലീസ് വിലക്കിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം പ്രദർശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പി.എം നരേന്ദ്ര മോദി എന്ന ചിത്രത്തെ കൂടാതെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ജീവിത ചരിത്രം പറയുന്ന എല്ലാ സിനിമകൾക്കും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ റിലീസ് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ചിത്രം റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ സിനിമ റിലീസ് ചെയരുതെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിരുന്നു. കോൺഗ്രസ് നേതാവ് അമൻ പൻവറും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് സതീഷ് ഗെയ്ക്വാദും കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്നും വോട്ടർമാരെ സ്വാധിനീക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ അദ്ദേഹത്തിന്‍റെ പ്രധാനമന്ത്രിപദം വരെയുള്ള യാത്രയാണ് പ്രതിപാദിക്കുന്നത്. എന്നാൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നാണ് വിലയിരുത്തൽ.