പിടിമുറുകിയപ്പോള്‍ പിഴയൊടുക്കാമെന്ന് വ്ലോഗർമാർ ; ജാമ്യം വേണമെന്ന് ഇ ബുള്‍ജെറ്റ്

Jaihind Webdesk
Tuesday, August 10, 2021

 

കണ്ണൂർ : ആർ.ടി ഓഫീസില്‍ അതിക്രമം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബർമാരുടെ ജാമ്യ ഹർജിയില്‍ വിധി പറയുന്നത് ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി. വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം പൊലീസിൻ്റെയും മോട്ടോർ വാഹനവകുപ്പ്  ഉദ്യോഗസ്ഥരുടെയും കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാൽ ജാമ്യം നൽകരുതെന്നാണ്  പ്രോസിക്യൂഷൻ വാദം.

അതേസമയം ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒന്‍തുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചുകയറിയതിന് ഒരുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 448 എന്നീ വകുപ്പുകള്‍ പ്രകാരവും ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.