സി.പി.ഐ എം.എല്‍.എയ്ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ്; ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് പരാതി അറിയിച്ചു

Jaihind Webdesk
Tuesday, July 23, 2019

തിരുവനന്തപുരം: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെ സി.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ലാത്തിചാര്‍ജില്‍ ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അതൃപ്തിയറിയിച്ചു. പാര്‍ട്ടി നിയമസഭ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരിട്ടെത്തി അതൃപ്തിയറിയിക്കുകയായിരുന്നു. ക്ലിഫ് ഹൗസിലെത്തിയാണ് മന്ത്രി മുഖ്യമന്ത്രിയെ കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സിപിഐ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്. പൊലീസ് നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞു.

എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെയുള്ള പൊലിസ് നടപിടി അംഗികരിക്കാനാവില്ല, വിഷയത്തില്‍ കര്‍ശനമായ നടപടിവേണമെന്നും ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

ഞാറയ്ക്കല്‍ എസ്ഐയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു.

വൈപ്പിന്‍ ഗവണ്‍മെന്റ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്ഐ നേതാക്കള്‍ തടഞ്ഞിരുന്നു. ഇതിനെതിരെ ഞാറയ്ക്കല്‍ സിഐ നടപടി സ്വീകരിച്ചില്ല എന്നാരോപിച്ചായിരുന്നു സിപിഐ മാര്‍ച്ച് നടത്തിയത്.