കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ സിപിഎം-ഡിവൈഎഫ്ഐ അതിക്രമം. പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. കണ്ണൂരിൽ സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ പ്രതിഷേധവുമായെത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമം ചിത്രീകരിച്ച ജയ്ഹിന്ദ് ന്യൂസ് സംഘത്തെയും ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു.
കണ്ണൂരിൽ ജനസമക്ഷം പരിപാടി നടക്കുന്ന വേദിയിലേക്കായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയത്. മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത് പ്രസംഗം തുടരുന്നതിനിടെ പരിപാടി നടക്കുന്ന ഹാളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജിറിന്‍റെ നേതൃത്വത്തില്‍ മർദ്ദിക്കുകയായിരുന്നു.
പ്രതിഷേധക്കാരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് അക്രമം. ഇതിനിടെ പ്രതിഷേധം മൊബൈലിൽ ചിത്രീകരിക്കുകയായിരുന്ന ജയ്ഹിന്ദ് ന്യൂസ് കണ്ണൂരിലെ ജീവനക്കാരൻ മനേഷ് കൊറ്റാളിയെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. ഇത് തടയാനായി എത്തിയ ജയ്ഹിന്ദ് ന്യൂസ് റീജിനൽ ചീഫ് ധനിത്ത് ലാൽ എസ് നമ്പ്യാ റെയും പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത് പ്രതിഷേധത്തിന് കാരണമായി. തുടർന്ന് ഇരുവരെയും പോലീസ് വിട്ടയച്ചു.
https://www.facebook.com/JaihindNewsChannel/videos/915909832408728