കണ്ണൂർ : മൻസൂർ വധക്കേസില്‍ അഞ്ചാം പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ സുഹൈൽ കീഴടങ്ങി. തലശ്ശേരി കോടതിയിലാണ് കീഴടങ്ങല്‍. തികച്ചും നാടകീയമായിരുന്നു സുഹൈലിന്‍റെ കീഴടങ്ങൽ. ഇതിനിടെ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തലശ്ശേരി കോടതിയിൽ അപേക്ഷ നൽകി.
നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനുശേഷമാണ് സുഹൈല്‍ കോടതിയിലെത്തിയത്. മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയെന്നും സുഹൈൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വോട്ടെടുപ്പ് ദിനത്തില്‍ ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും വാട്സ്ആപ്പ് സ്റ്റാറ്റസിനെ ന്യായീകരിച്ച് സുഹൈൽ കുറിച്ചു. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈൽ വ്യക്തമാക്കി. സുഹൈലിനെ കോടതി റിമാൻഡ് ചെയ്തു. ഡിവൈഎഫ്ഐ മേഖല ട്രഷറർ ആയ സുഹൈലാണ് കൊലപാതക സംഘത്തെ ഏകോപിപ്പിച്ചതെന്ന് മൻസൂറിന്‍റെ സഹോദരനും നാട്ടുകാരും മൊഴി നൽകിയിരുന്നു.
അന്വേഷണം ക്രൈംബ്രാഞ്ച് സംഘം ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് സുഹൈൽ കോടതിയിൽ കീഴടങ്ങിയത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം തലശ്ശേരി കോടതിയിൽ നൽകിയ അപേക്ഷ നാളെ പരിഗണിക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും കേസിൽ മറ്റുള്ളവരുടെ പങ്ക് സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം പിടിയിലായ വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെ കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.