ഡിവൈഎഫ്ഐ ഗുണ്ടായിസം തുടരുന്നു; മുവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീടുകയറി മർദ്ദിച്ചു; കൊല്ലുമെന്ന് ഭീഷണി

Jaihind Webdesk
Friday, January 14, 2022

ഇടുക്കി : സംസ്ഥാനത്ത് അക്രമം തുടര്‍ന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും. മൂവാറ്റുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീടുകയറി മര്‍ദ്ദിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റമായ അമൽ ബാബുവിനെയാണ് എട്ടോളം ഡിവൈഎഫ്ഐ പ്രവർത്തകർ മാരകായുധങ്ങളുമായി വീട്ടിൽക്കയറി മര്‍ദ്ദിച്ചത്.

വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസിലെ കൊടിമരം സിപിഎം പ്രവർത്തകർ നശിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രതിഷേധപ്രകടനങ്ങളിലും സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസിന്‍റെ നിരവധി കൊടിമരങ്ങളാണ് നശിപ്പിക്കപ്പെട്ടത്. എന്നാല്‍ സിപിഎമ്മിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അമല്‍ ബാബുവിനെതിരെ കേസെടുക്കുകയാണുണ്ടായത്. തുടര്‍ന്ന് ഇന്നലെ രാത്രി അമൽ ബാബുവിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ അമല്‍ ബാബു വീട്ടിലെത്തിയപ്പോഴാണ് ഡിവൈഎഫ്ഐ ആക്രമണമുണ്ടായത്.

മാരകായുധങ്ങളുമായി വീടുവളഞ്ഞ ഡിവൈഎഫ്ഐ അക്രമികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തലയ്ക്കും ഇടത് കൈയ്ക്കും പരിക്കേറ്റ അമലിനെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ ഡിവൈഎസ് പി  അമലിന്‍റെ മൊഴിയെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ധീരജിന്‍റെ മരണത്തിന് പിന്നാലെ  കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുവാറ്റുപുഴയിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. അതേസമയം പോലീസ് സിപിഎം അക്രമത്തിന് മൌനാനുവാദം നല്‍കി നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.