‘ദസ് സാൽ അന്യായ് കാൽ’; കേന്ദ്ര സർക്കാരിനെതിരെ ‘ബ്ലാക്ക് പേപ്പർ’ പുറത്തിറക്കി കോൺഗ്രസ്

 

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ ‘ബ്ലാക്ക് പേപ്പർ’ പുറത്തിറക്കി കോൺഗ്രസ്. ‘ദസ് സാൽ അന്യായ് കാൽ’എന്ന പേരിലാണ് കോൺഗ്രസ് കുറ്റപത്രം പുറത്തിറക്കിയത്. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന് വിവേചനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ തങ്ങളുടെ കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് നാളെ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കോൺഗ്രസ് ‘ബ്ലാക്ക് പേപ്പർ’ പുറത്തിറക്കിയത്.

തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ ദുരിതം എന്നിവയിൽ മോദി സർക്കാരിന്‍റെ പരാജയങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് ബ്ലാക്ക് പേപ്പർ എന്ന് കോൺഗ്രസ് വ്യക്തമാക്കി. സാമ്പത്തിക മേഖലയിൽ സർക്കാർ പരാജയപ്പെട്ടെന്നും കോൺഗ്രസ് വിമർശിച്ചു.

‘പാർലമെന്‍റിൽ സംസാരിക്കുമ്പോഴെല്ലാം അവർ അവരുടെ നേട്ടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ ഒരിക്കലും സ്വന്തം പരാജയങ്ങളെക്കുറിച്ച് സംസാരിക്കാത്തതിനാലാണ് ഞങ്ങൾ സർക്കാരിനെതിരെ ‘ബ്ലാക്ക് പേപ്പർ’ പുറത്തിറക്കിയത്. പരാജയങ്ങൾ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തേയും അവർ അനുവദിക്കുന്നില്ല. സാമ്പത്തിക മേഖലയിൽ സർക്കാർ വലിയ പരാജയമാണ്’ – വാർത്താസമ്മേളനത്തിൽ ഖാർഗെ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. മോദി സർക്കാർ ഒരിക്കലും ഇതിനെക്കുറിച്ച് സംസാരിക്കില്ലെന്നും ഖാർഗെ പറഞ്ഞു.

Comments (0)
Add Comment