അകാരണമായി തടഞ്ഞുവെച്ചു, ബൈക്കിന്‍റെ താക്കോല്‍ ഊരി; യുവാവിന്‍റെ പിഎസ്‌സി പരീക്ഷ മുടക്കി കേരള പോലീസ്

കോഴിക്കോട്: പിഎസ്‌സി പരീക്ഷ എഴുതാനായി പോയ ഉദ്യോഗാർത്ഥിയുടെ അവസരം നഷ്ടപ്പെടുത്തി കേരള പോലീസ്. പിഎസ്‌സി പരീക്ഷയ്ക്കായി പോയ രാമനാട്ടുകര സ്വദേശിയായ അരുണിനാണ് പോലീസ് നടപടിമൂലം പരീക്ഷ എഴുതാന്‍ കഴിയാതെ മടങ്ങേണ്ടിവന്നത്. ബൈക്ക് തടഞ്ഞ് താക്കോല്‍ ഊരിയതോടെ അരുണിന് പരീക്ഷയ്ക്ക് എത്താന്‍ കഴിയാതെ വരികയായിരുന്നു. പോലീസ് നടപടിയോടെ അരുണ്‍ ഏറെ പ്രതീക്ഷയോടെ കണ്ട പരീക്ഷ എഴുതാനുള്ള അവസരം മുടങ്ങി. അരുണിന്‍റെ പരാതിയെ തുടർന്ന് പോലീസുകാരനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഫറോക്ക് സ്റ്റേഷനിലെ സിപിഒ രഞ്ജിത് പ്രസാദാണ് അരുണിനെ തടഞ്ഞുവെച്ചത്. പരീക്ഷയുടെ കാര്യം പറഞ്ഞ് അഭ്യർത്ഥിച്ചിട്ടും ബൈക്കിന്‍റെ താക്കോല്‍ നല്‍കാന്‍ പോലീസുകാരന്‍ തയാറായില്ല.  മീഞ്ചന്ത ജിവിഎച്ച്എസ് ആയിരുന്നു അരുണിന് പരീക്ഷാ കേന്ദ്രമായി ലഭിച്ചത്. ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസമുണ്ടായതോടെ പുതിയ പാലത്തിൽ നിന്ന് യു-ടേൺ എടുത്ത് ഫറോക്ക് ടൗൺ വഴി പോകാൻ ശ്രമിച്ചു. ഫറോക്ക് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന പോലീസുകാരൻ തടയുകയും തുടർന്ന് ബൈക്കിന്‍റെ താക്കോല്‍ ഊരിമാറ്റുകയുമായിരുന്നു.

അരുണിന് പറയാനുള്ളത് കേൾക്കാന്‍ പോലീസുകാരന്‍ തയാറായില്ല. വൈകിയാൽ പരീക്ഷ മുടങ്ങുമെന്ന് അരുൺ പലതവണ പറഞ്ഞെങ്കിലും ചെവിക്കൊള്ളാതെ ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. 2 മണി വരെ അരുണിനെ സ്റ്റേഷനില്‍ നിര്‍ത്തി. എസ്.ഐ ഇടപെട്ടതോടെ അരുണിനെ പോലീസ് ജീപ്പിൽ കയറ്റി പരീക്ഷാ കേന്ദ്രത്തിലെത്തിക്കാനായി ശ്രമം. എന്നാൽ അപ്പോഴേക്കും പരീക്ഷയ്ക്കുള്ള റിപ്പോർട്ടിംഗ് സമയം കഴിഞ്ഞതിനാല്‍ അരുണിനെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചില്ല. തുടർന്ന് അരുണ്‍ അസിസ്റ്റന്‍റ് കമ്മീഷണർക്ക് പരാതി നൽകി. ഉദ്യോഗാർത്ഥിയെ അകാരണമായി തടഞ്ഞുവെച്ച ഫറോക്ക് സ്റ്റേഷനിലെ സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദിനെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

Comments (0)
Add Comment