അവധി ദിനത്തില്‍ പെന്‍ഷന്‍കാരെ വലച്ച് ട്രഷറി ; വഞ്ചിയൂർ ട്രഷറി തട്ടിപ്പിന് ശേഷം പുതുക്കിയ സോഫ്റ്റവെയർ വീണ്ടും പണിമുടക്കി

Jaihind Webdesk
Friday, April 2, 2021

തിരുവനന്തപുരം: ദുഃഖവെള്ളി ദിവസം പുതുക്കിയ പെൻഷൻ വാങ്ങാനെത്തിയവർ സാങ്കേതിക തകരാർ കാരണം പെന്‍ഷന്‍ കിട്ടാതെ  ട്രഷറിയിൽ കുടുങ്ങി. പുതുക്കിയ ശമ്പളവും പെൻഷനും കൊടുക്കാൻ പൊതു അവധി ദിവസവും പ്രവർത്തിച്ച ട്രഷറിയിൽ സോഫ്റ്റവെയർ തകരാർ മൂലം പണം വാങ്ങാനെത്തിയവർ  മണിക്കൂറുകളോളം കാത്തുനിക്കേണ്ടി വന്നു.  തെരഞ്ഞെടുപ്പിന് മുൻപ്  പുതുക്കിയ  ശമ്പളവും പെൻഷനും നൽകണമെന്ന സർക്കാർ നിർബന്ധമാണ്  പൊതു അവധി ദിവസവും ട്രഷറി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.  10 മണിക്ക് ട്രഷറിയിലെത്തിയവർ ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു. സോഫ്റ്റവെയറിലേക്ക് കയറാൻ പോലും കഴിയാതെ ജീവനക്കാരും ബുദ്ധിമുട്ടി.

വഞ്ചിയൂർ ട്രഷറി തട്ടിപ്പിന് ശേഷം സോഫ്റ്റവെയറിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നായിരുന്നു ട്രഷറി വകുപ്പിന്‍റെ വിശദീകരണം. എന്നാൽ സെർവർ തകരാർ തുടരുകയായിരുന്നു. ഉച്ചക്ക് ശേഷം സാങ്കേതികതകരാർ താല്‍കാലികമായി പരിഹരിച്ചു. സെർവർ കപ്പാസിറ്റി കുറവായാതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നുമാണ് ട്രഷറി വകുപ്പിന്‍റെ വിശദീകരണം.