‘ചന്ദ്രനില്‍ ചായ വില്‍ക്കുന്ന മോദി’ ; മോദിയെ പരിഹസിച്ച് ദുബായിലെ ഇംഗ്‌ളീഷ് പത്രം

Jaihind Webdesk
Friday, May 17, 2019

ദുബായ് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്, ദുബായ് കേന്ദ്രമായ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ‘ഖലീജ് ടൈംസി’ന്‍റെ എഡിറ്റ് പേജിലെ ലേഖനം വലിയ ചര്‍ച്ചയാകുന്നു. ചന്ദ്രനില്‍ ചായ വില്‍ക്കുന്ന കാര്‍ട്ടൂണ്‍ സഹിതമാണ് ലേഖനം പ്രസിദ്ധീകരിച്ചത്. മെയ് 17 ന് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തില്‍, വലിയ പ്രാധാന്യത്തിലാണ് ലേഖനം. മോദിയുടെ മേഘ-റഡാര്‍ വിഷയം, ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ തുടങ്ങിയ സംഭവങ്ങളില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി തുടര്‍ച്ചയായി മണ്ടത്തരങ്ങള്‍ പറയുന്നതിനാലാണ് ‘ബ്രേക്കിങ് വ്യൂസ് ‘ എന്ന കോളത്തില്‍ ലേഖനം എഴുതിയതെന്ന് ഖലീജ് ടൈംസ് ഇംഗ്‌ളീഷ് പത്രത്തിന്‍റെ സീനിയര്‍ എഡിറ്ററും മലയാളിയുമായ സുരേഷ് പട്ടാലി ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ലേഖനം വലിയ ചര്‍ച്ചയായതോടെ, എഡിറ്റര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങളുമായി ബിജെപി അനുകൂല ക്യാംപുകളില്‍ നിന്ന് ഇമെയിലുകള്‍ ലഭിക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. നേരത്തെ, ചില വിഷയങ്ങളില്‍ മോദിയെ അനുകൂലിച്ചും സുരേഷ് കോളം എഴുതിയിരുന്നു. മോദിയുടെ മുഖമൂടി അഴിഞ്ഞു വീഴുന്നതാണ് , ഇപ്പോഴത്തെ ഈ വിവാദങ്ങളെന്നും, കഴിഞ്ഞ കാലങ്ങളില്‍ ഒരു വാര്‍ത്താസമ്മേളനം പോലും മോദി നടത്താതിരുന്നത് നന്നായെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഇദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂക്ഷമായ വിമര്‍ശന ഭാഷയിലാണ് ലേഖനം തയ്യാറിക്കിയിട്ടുള്ളത്. ഇതിനിടെ, മഴയും മേഘങ്ങളുമുള്ളപ്പോള്‍ ഇന്ത്യന്‍ യുദ്ധ വിമാനങ്ങളെ പാകിസ്ഥാന്‍ റഡാറുകള്‍ക്ക് കാണാനാവില്ലെന്ന ആശയം തന്‍റേതാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് , നേരത്തെ നിരവധി അറബിക് , ഇംഗ്‌ളീഷ് ദിനപത്രങ്ങള്‍ വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിരുന്നു.