ഏഴുമാസമായി ശമ്പളമില്ല ! ദുബായിലെ ലേബര്‍ ക്യാമ്പില്‍ അരിയും ഭക്ഷണ സാധനങ്ങളുമായി മലയാളി അമ്മമാര്‍

Elvis Chummar
Sunday, June 2, 2019

ദുബായ് : ഏഴുമാസമായി ശമ്പളം ലഭിക്കാത്ത ദുബായ് സോനാപൂരിലെ തൊഴിലാളി ക്യാംപില്‍ അരിയും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്ത് മലയാളി അമ്മമാര്‍ മാതൃകയായി. യു.എ.ഇ കേന്ദ്രമായ മലയാളി അമ്മമ്മാരുടെ കൂട്ടായ്മയായ മലയാളി മംസ് മിഡില്‍ ഈസ്റ്റ് ഇത്തരത്തില്‍ അഞ്ഞൂറോളം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.

പെട്ടി നിറയെ ഭക്ഷണ സാധനങ്ങള്‍ നിറച്ചപ്പോള്‍ ഈ തൊഴിലാളികളുടെ വയറ് മാത്രമല്ല മനസ് കൂടിയാണ് നിറഞ്ഞത്. ദുബായിലെ സോനാപൂരില്‍ കഴിഞ്ഞ ഏഴ് മാസമായി ശമ്പളം ലഭിക്കാതെ നരകയാതന അനുഭവിച്ച സാധാരണക്കാരായ തൊഴിലാളികള്‍ക്കാണ് ഒരു മാസത്തേയ്ക്കുള്ള ഭക്ഷണ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തത്. ക്യാംപിലെ മലയാളികളും ഉത്തേരന്ത്യക്കാരും പാക്കിസ്ഥാനികളും ബംഗ്‌ളാദേശുകാരും ഉള്‍പ്പടെയുള്ള അഞ്ഞൂറോളം പേര്‍ക്ക് ഈ റമസാനില്‍ ആശ്വാസത്തിന്‍റെയും സാന്ത്വനത്തിന്‍റെയും പ്രതീക്ഷകളായി ഈ ഫുഡ് കിറ്റുകള്‍ മാറി. യു.എ.ഇ കേന്ദ്രമായ മലയാളി അമ്മമ്മാരുടെ കൂട്ടായ്മയായ മലയാളി മംസ് മിഡില്‍ ഈസ്റ്റ് ആണ് ഏകദേശം നൂറ് ദിര്‍ഹം വില വരുന്ന അഞ്ഞൂറോളം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് മാതൃക കാട്ടിയത്.

മറ്റു സംഘടനകളെ പോലെ ഇഫ്താര്‍ കിറ്റുകള്‍ നല്‍കിയാല്‍ അത് ഒരു നേരത്തേയ്ക്ക് മാത്രമായ ആശ്വാസമായി മാറും. അതിനാലാണ് ഒരു മാസത്തേയ്ക്കുള്ള അരി, എണ്ണ, ഗോതമ്പ് പൊടി, പഞ്ചസാര, ഉപ്പ്, ഗ്രീന്‍പീസ്, പരിപ്പ്, മുളക്, മല്ലിപ്പൊടി തുടങ്ങിയ സാധനങ്ങള്‍ അടങ്ങിയ ഈ ബോക്‌സുകള്‍, തൊഴിലാളി ക്യാംപില്‍ എത്തിച്ചത്. തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് ഇത്തരത്തിലുള്ള ഈ ജീവകാരുണ്യ പ്രവര്‍ത്തനം.

മലയാളി മംസ് മിഡില്‍ ഈസ്റ്റിലെ അംഗങ്ങളും ഇവരുടെ ഭര്‍ത്താക്കന്‍മാരും കുട്ടികളും ചേര്‍ന്ന് ഭക്ഷണ കിറ്റുകള്‍ തയാറാക്കി പായ്ക്ക് ചെയ്തു. ഇങ്ങിനെ റമസാന്‍ അവസാനിക്കുന്നതിന് മുമ്പ് ഹൃദയത്തില്‍ നന്മയുടെയും സമര്‍പ്പണത്തിന്‍റെയും വെളിച്ചം ഏറ്റുവാങ്ങിയാണ് ഈ കൂട്ടായ്മയിലെ ഓരോ കുടുംബാംഗങ്ങളും പ്രവര്‍ത്തിക്കുന്നത്.

teevandi enkile ennodu para