ദുബായില്‍ വിവാഹ വിരുന്നുകള്‍, ഇവന്‍റസ് ഈ മാസം 22 മുതല്‍ പുനരാരംഭിക്കും : ഓരോ ഹാളിലും പരമാവധി 200 പേര്‍ ; നാല് മണിക്കൂറില്‍ കൂടുതല്‍ ഇവന്‍റ് പാടില്ല ; വിപണി കൂടുതല്‍ ഉണര്‍വിലേക്ക്

ദുബായ് : ഒക്ടോബര്‍ 22 മുതല്‍ ദുബായിലെ ഹോട്ടലുകള്‍ക്കും മറ്റ് വേദികള്‍ക്കും വിവാഹ വിരുന്ന് സല്‍ക്കാരങ്ങളും മറ്റ് സാമൂഹിക പരിപാടികളും സംഘടിപ്പിക്കാന്‍ അനുവാദം നല്‍കും. അതേസമയം, ഓരോ ഹാളിലും പരമാവധി 200 പേരെ മാത്രമേ ഇപ്രകാരം അനുവദിക്കുകയുള്ളൂ. കൂടാരങ്ങളിലും വീടുകളിലും 30 പേരെ മാത്രമേ അനുവദിക്കൂ. ഒരാള്‍ക്ക് നാല് ചതുരശ്ര മീറ്ററില്‍ സുരക്ഷിതമായ സാമൂഹിക അകലം ഒരുക്കണമെന്നും വ്യവസ്ഥയുണ്ട്.

അതേസമയം, ഇവന്റുകള്‍ നാല് മണിക്കൂറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.  പ്രായമായവരും വിട്ടുമാറാത്ത ശാരീരിക അവസ്ഥയുള്ളവരും ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് യുഎഇ സുപ്രീം കമ്മിറ്റി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പങ്കെടുക്കുന്നവര്‍ എല്ലായ്‌പ്പോഴും ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കണം. എന്നാല്‍, അതാത് മേശകളില്‍ ഇരിക്കുമ്പോള്‍ മാസ്‌ക് നീക്കം ചെയ്യാന്‍ അനുമതി നല്‍കും.

പങ്കെടുക്കുന്നവര്‍ മുഖാമുഖം ഇരിക്കുന്നത് ഒഴിവാക്കണം. 1.5 മീറ്ററില്‍ കൂടുതല്‍ സാമൂഹ്യ അകലം പാലിച്ചിരിക്കണം. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുന്നവര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. അതേസമയം, ഇവന്റ്‌സുകള്‍ പുനാരംഭിക്കുന്നതിലൂടെ ദുബായ് മാര്‍ക്കറ്റ് വീണ്ടും ഉണരുമെന്ന് വാണിജ്യ-വ്യാപാര ലോകം പ്രതീക്ഷിക്കുന്നു.

Comments (0)
Add Comment