ദുബായിലെ ഗവര്‍മെന്‍റ് ഓഫീസുകളില്‍ ജൂണ്‍ 14 മുതല്‍ 100 % ജീവനക്കാരെത്തും : മെയ് 31 മുതല്‍ 50 % പേരുള്ള പ്രവര്‍ത്തനം

ദുബായ് : ഗവര്‍മെന്‍റ് ഓഫീസുകളിലെ ജീവനക്കാരുടെ ജോലി മെയ് 31 ഞായറാഴ്ച മുതല്‍ 50 ശതമാനവും 2020 ജൂണ്‍ 14 മുതല്‍ 100 ശതമാനവുമായി പുനരാരംഭിക്കാന്‍ ദുബായ് തീരുമാനിച്ചു. കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച ട്വീറ്റ് ചെയ്തു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം. കൊവിഡിന് എതിരെയുള്ള ദുബായിലെ തീവ്രമായ പ്രതിരോധ നടപടികളുടെ ചട്ടക്കൂടില്‍ നിന്നു കൊണ്ടുതന്നെ, സാധാരണ ജീവിതത്തിലേക്ക് നടപടികള്‍ പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണിത്.

അതേസമയം, ഇക്കഴിഞ്ഞ മാസങ്ങളില്‍, കാര്യക്ഷമമായ സാങ്കേതിക വിദ്യകളെയും അടിസ്ഥാന സൗകര്യങ്ങളെയും ആശ്രയിച്ച്, പരിമിതികള്‍ക്കുള്ളില്‍, മികച്ച രീതിയില്‍ വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനത്തിലൂടെ ദുബായ് സര്‍ക്കാര്‍ പ്രവര്‍ത്തന മികവ് തെളിയിച്ചു. നഗരത്തില്‍ മുന്‍കരുതല്‍ നടപടികളും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും, സുപ്രധാന സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്ന് ഷെയ്ഖ് ഹംദാന്‍  പറഞ്ഞു. ഭാവിയിലെ നിക്ഷേപങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പൂര്‍ത്തീകരിച്ച് വരുന്നു. ശരിയായ ദിശയിലേക്കാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഇത് ആശ്വാസകരമാണ്. ദുബായിയെ ഒരു മാതൃകാ സ്മാര്‍ട്ട് സിറ്റിയാക്കുന്നതിനുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും ഈ ശ്രമങ്ങള്‍ പ്രോത്സാഹനമായെന്നും ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി.

അതേസമയം, ദുബായില്‍ ഇന്നു മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നിലവില്‍ വന്നു. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കാമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, രാത്രി 11 വരെ പുറത്തിറങ്ങാനും വിലക്കില്ല. ജിം, സിനിമാ ശാലകള്‍, ഐസ് റിങ്ക് ഉള്‍പ്പെടെയുള്ള ഉല്ലാസകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment