കൊവിഡ് : ബാറുകളും പബുകളും പൂട്ടി ; റസ്റ്ററന്‍റുകള്‍ക്കും സിനിമാശാലകള്‍ക്കും കടുത്ത നിയന്ത്രണം ; ദുബായില്‍ പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലായി ; രാത്രികാല സഞ്ചാരത്തിന് വിലക്ക് ഇല്ല

ദുബായ് : കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദുബായിലെ റസ്റ്ററന്‍റുകള്‍, സിനിമാശാലകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് (ഫെബ്രുവരി 2 ) മുതല്‍ പ്രാബല്യത്തിലായി.  ഇതോടൊപ്പം, ബാറുകളും പബുകളും ഇനി ഒരു മാസത്തേയ്ക്ക് താല്‍ക്കാലികമായി അടച്ചിട്ടു. നിയമം ലംഘിച്ചാല്‍ കടുത്ത പിഴ ചുമത്തും.

ഹോട്ടലുകളില്‍ രാത്രി 12 ന് ശേഷം ഓര്‍ഡര്‍ എടുക്കില്ല

ദുബായില്‍ ഫെബ്രുവരി 2 ചൊവ്വാഴ്ച മുതലാണ് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ആരംഭിച്ചത്. റസ്റ്ററന്‍റുകളും കഫെകളും രാത്രി ഒന്നിന് അടയ്ക്കും. ഹോട്ടലുകളില്‍ രാത്രി 12 ന് ശേഷം, പുതിയ ഓര്‍ഡര്‍ എടുക്കാന്‍ പാടില്ല. എന്നാല്‍, ഡെലിവറി കാര്യങ്ങള്‍ക്ക് തടസം ഉണ്ടാകില്ല. ഉല്ലാസ പരിപാടികള്‍ അനുവദിക്കില്ല. സിനിമാശാലകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനം ഉള്‍ക്കൊള്ളാവുന്നതിന്‍റെ പകുതി പേര്‍ക്കു മാത്രമാക്കി വെട്ടിക്കുറച്ചു.

ഫെബ്രുവരി 28 വരെ നിയന്ത്രണം

പബുകളും ബാറുകളും അടച്ചിടാനും ദുബായ് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. ഒരുമാസത്തേക്കാണ് നിയന്ത്രണമെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തി മാത്രമാണ് ഇനി തുടര്‍ തീരുമാനം ഉണ്ടാകുക. പുതിയ നിയന്ത്രണം ഫെബ്രുവരി 28 വരെ തുടരും. അതേസമയം, ദുബായില്‍ രാത്രി കാലത്തെ യാത്രകള്‍ക്ക് വിലക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ഏറെ ആശ്വാസകരമാണ്.

DubaiCovid
Comments (0)
Add Comment