എസ്എഫ്ഐയില്‍ വീണ്ടും ലഹരി വിവാദം; സമ്മേളനത്തെ കലുഷിതമാക്കി ആള്‍മാറാട്ട, പ്രായ വിഷയങ്ങളും

 

തിരുവനന്തപുരം: ലഹരി വിവാദവും പ്രായ വിവാദവും എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തെ കലുഷിതമാക്കുന്നു. സംസ്ഥാനസമിതി അംഗത്തിനെതിരെയുള്ള ലഹരി വിവാദവും കാട്ടാക്കട ആൾമാറാട്ട വിവാദവും സമ്മേളനത്തെ പിടിച്ചുലച്ചു. അംഗങ്ങളുടെ പ്രായ വിവാദം ഉയർന്നതോടെ പ്രതിനിധികൾ എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി വന്നാൽ മതിയെന്ന കർശന നിർദേശം സിപിഎം നൽകിയിരിക്കുകയാണ്.

ചേരിതിരിഞ്ഞുള്ള വിമർശനങ്ങളുംആരോപണ പ്രത്യാരോപണങ്ങളുമാണ് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉടനീളം അലയടിക്കുന്നത്. സംസ്ഥാന സമിതി അംഗത്തിന്‍റെ ലഹരി ഉപയോഗത്തിനെതിരെ നടപടി എടുത്തില്ലെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചു. സംസ്ഥാന സമിതി അംഗം നിരഞ്ജനെതിരെയാണ് ആരോപണമുയർന്നത്. ഫോട്ടോ സഹിതം ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവന്നിട്ടും നടപടിയെടുത്തില്ലെന്ന് പാറശാല, വിതുര കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികൾ വിമര്‍ശമുയർത്തി.

കാട്ടാക്കട ആള്‍മാറാട്ട വിവാദത്തിലും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സമ്മേളനത്തിൽ ഉയർന്നത്. സിപിഎം ജില്ലാ നേതാക്കൾക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്ന വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്ന ആവശ്യമാണ്ഉയർന്നിരിക്കുന്നത്. ജില്ലാ നേതൃത്വത്തിലുള്ള പലരുടെയും പ്രായപരിധി സംബന്ധിച്ച വളരെ വലിയ വിമർശനങ്ങളും സമ്മേളനത്തിൽ ഉയർന്നു. പ്രായപരിധി വിവാദം ആളിക്കത്തിയതോടെ ഇതിനെ തടയിടുവാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വം. ഇതിന്‍റെ ഭാഗമായി പ്രതിനിധികളും നേതാക്കളും എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ സിപിഎം നേതൃത്വം കർശനമായി മുന്നോട്ടുവെച്ചു. നേരത്തെ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വിവാദ വിഷയങ്ങൾ ഒഴിവാക്കിയതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Comments (0)
Add Comment